രത്തന്‍ ടാറ്റയുടെ ആരോഗ്യനില അതീവ ഗുരുതരമെന്നു റിപ്പോര്‍ട്ട്
മുംബൈ:മുതിര്‍ന്ന വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയെ ആരോഗ്യനില വഷളായതിനേത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രത്തന്‍ ടാറ്റയെ ഇന്നു വൈകിട്ടോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നും 24 മണിക്കൂര്‍ കഴിയാതെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് രത്തന്‍ ടാറ്റയെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് വാര്‍ത്തയായതോടെ താന്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയതാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അദ്ദേഹം കുറിച്ചിരുന്നു.
അതേസമയം ഇന്നു പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ടാറ്റാ ഗ്രൂപ്പ് പ്രതിനിധികള്‍ തയാറായിട്ടില്ല. എന്നാല്‍ ആശുപത്രി വൃത്തങ്ങളുമായി ബന്ധപ്പെട്ട് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ രത്തന്‍ ടാറ്റയുടെ ആരോഗ്യനില മോശമാണെന്നു റിപ്പോര്‍ട്ട് നല്‍കിയത്.
1991 മാര്‍ച്ചിലാണ് രത്തന്‍ ടാറ്റ ടാറ്റ സണ്‍സ് ചെയര്‍മാനായി സ്ഥാനമേറ്റത്. 2012 വരെ കമ്പനിയെ നയിച്ചു. സ്ഥാനമേറ്റെടുക്കുമ്പോള്‍ ആയിരം കോടിയായിരുന്ന കമ്പനിയുടെ വിറ്റുവരവ് 2011-12 കാലയളവില്‍ 100.09 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ അദ്ദേഹത്തിന്റെ നേതൃപാടവത്തിനു കഴിഞ്ഞു. പിന്നീട് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയ സൈറസ് മിസ്ത്രിയുമായി ഉണ്ടായ അസ്വാരസ്യങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. 2016-ല്‍ മിസ്ത്രിയെ പുറത്താക്കിയ ശേഷം 2017-ല്‍ വീണ്ടും ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹം 2021 വരെ ആ സ്ഥാനത്ത് തുടര്‍ന്നിരുന്നു.