രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും
ആലപ്പുഴ: എരമല്ലൂരില്‍ ഉയരപാതയുടെ ഗര്‍ഡര്‍ തകര്‍ന്ന് വീണ് മരിച്ച് പിക്ക് അപ്പ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കരാര്‍ കമ്പനി ഉറപ്പുനല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരചടങ്ങിനായി നാല്‍പ്പതിനായിരം രൂപ കരാര്‍ കമ്പനി ബന്ധുക്കള്‍ക്ക് നല്‍കി. സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ചു. രാജേഷിന്റെ മകന്റെ ജോലിക്ക് വേണ്ടി കലക്ടര്‍ ശുപാര്‍ശ ചെയ്യുമെന്ന് അറിയിച്ചതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. 25 ലക്ഷം രൂപയുടെ ചെക്ക് നാളെ രാജേഷിന്റെ കുടുംബത്തിന് കൈമാറുമെന്ന് കമ്പനി പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം രണ്ട് ലക്ഷം രൂപയാണ് കമ്പനി ധനസഹായമായി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇത് സ്വീകരിക്കില്ലെന്ന് കുടുംബം അറിയിച്ചതോടെ ധനസഹായം പത്ത് ലക്ഷം നല്‍കാമെന്ന് കമ്പനി അറിയിച്ചെങ്കിലും രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ 25 ലക്ഷം നല്‍കാമെന്ന് അറിയിച്ചതോടെയാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം പത്തനംതിട്ടിയിലേക്ക് വീട്ടിലേക്ക് കൊണ്ടുപോയി.
