അപൂർവ ചിത്രങ്ങളുടെ അച്ചടിമണം തുന്നിയ ആരാധകൻ ; മരിക്കാത്ത ഇന്ദിരയോർമയുമായി ചന്ദ്രൻ
വയനാട്ടിൽ പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയപ്പോൾ കുന്നംകുളം കൊങ്ങണൂർ സ്വദേശി ചന്ദ്രൻ കാവിലിന്റെ ഹൃദയം തുടിച്ചു. ‘ഇന്ത്യ എന്നാൽ ഇന്ദിര’ എന്നു വിശേഷിപ്പിക്കപ്പെട്ട കരുത്തയായ ഇന്ദിര ഗാന്ധിയുടെ മുഖഛായയുള്ള കൊച്ചുമകൾ കേരളത്തിൽ മത്സരിക്കാനെത്തിയതിന്റെ സന്തോഷം. തന്റെ ആരാധനാമൂർത്തിയായ ഇന്ദിരയുമായി ബന്ധപ്പെട്ടതെല്ലാം ചന്ദ്രനും പ്രിയപ്പെട്ടതാണ്. കൊല്ലപ്പെട്ടതിന്റെ 40–ാം വർഷവും ഇന്ദിരയോർമകൾ ചന്ദ്രന്റെ മനസ്സിൽ മങ്ങാതെയുണ്ട്. വിമാനത്തിൽനിന്നു ഗംഗോത്രി മുതൽ അമർനാഥ് വരെ വിതറിയ ഇന്ദിരയുടെ ചിതാഭസ്മം പോലുള്ള നീറുന്ന ഓർമത്തരികൾ.
ബാല്യം മുതൽ ചിതാഭസ്മം ഹിമാലയത്തിൽ വിതറുന്നതു വരെയുള്ള ഇന്ദിരയുടെ പല കാലങ്ങളിലെ അപൂർവ ചിത്രങ്ങൾ കൊണ്ട് മനോഹരമായ ആൽബം തയാറാക്കിയിരിക്കുകയാണു ചന്ദ്രൻ കാവിൽ. ചെറുപ്പത്തിലേ ഇന്ദിരയോടുള്ള ആരാധന ചന്ദ്രന്റെ മനസ്സിൽ കയറിയിരുന്നു. കടൽ കടന്നു ജോലിക്കു പോയപ്പോഴും ആ പ്രിയം പോയില്ല. 1984ൽ ബഹ്‌റൈനിൽ ജോലി ചെയ്യുമ്പോഴാണ് ഇന്ദിരയുടെ മരണവാർത്ത അറിഞ്ഞത്. 15–ാം വയസ്സ് മുതൽ ആരാധനാപാത്രമായിരുന്ന ഇന്ദിരയുടെ മരണം ഞെട്ടലായി. ഇന്ദിരയുടെ ഓർമയ്ക്കായി സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നു ചിന്തിച്ചു.
അങ്ങനെയാണു പത്രങ്ങളിലെ ചിത്രങ്ങൾകൊണ്ട് വലിയ ആൽബം തയാറാക്കാമെന്നു കരുതിയത്. മലയാളം, ഹിന്ദി, മറാത്തി, ഇംഗ്ലിഷ് തുടങ്ങി പല ഭാഷകളിലുള്ള പത്രങ്ങളിൽനിന്നും മാഗസിനുകളിൽ നിന്നുമെല്ലാം കട്ടിങ്ങുകൾ ശേഖരിച്ചു. ഇതിനായി ഒരു വർഷത്തോളം കഷ്ടപ്പെട്ടു. എന്നാൽ ജോലിത്തിരക്കിനിടെ ആൽബം തയാറാക്കാനായില്ല. 30 വർഷത്തെ ഗൾഫ് ജീവിതം മതിയാക്കി 2008ൽ തിരികെ നാട്ടിലേക്കു വരുമ്പോൾ ഇന്ദിരയോർമകളെയും ചന്ദ്രൻ കൂടെക്കൂട്ടി. ഇടയ്‌ക്കെപ്പോഴോ ആ ചിത്രങ്ങൾ വീട്ടിൽനിന്നു നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ നെഞ്ചുപിടഞ്ഞു.
കോവിഡ് കാലത്താണു ലോട്ടറി പോലെ ആ ചിത്രങ്ങൾ തിരിച്ചു കിട്ടിയത്. ഗൾഫിൽനിന്നു കൊണ്ടുവന്ന ബാഗുകളുടെ ഇടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ അവ കിടപ്പുണ്ടായിരുന്നു. നിധി പോലെ കരുതിയ ചിത്രങ്ങൾ തിരിച്ചുകിട്ടിയതോടെ ചന്ദ്രൻ ആൽബത്തിന്റെ ജോലികൾ തുടങ്ങി. ആർട്ടിസ്റ്റ് കൂടിയായ ചന്ദ്രന്റെ ചിത്രപ്പണികളും ചേർത്ത് ആൽബം പൂർത്തിയാക്കി. മഹാത്മാ ഗാന്ധി, ജോൺപോൾ രണ്ടാമൻ മാർപാപ്പ, യുഎസ് പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൻ തുടങ്ങിയവർ ഇന്ദിരയോടൊപ്പമുള്ള അപൂർവമായ നൂറിൽപരം ചിത്രങ്ങളാണ് ആൽബത്തിലുള്ളത്. വീട്ടിലെത്തുന്ന അതിഥികളെ ആൽബം കാണിക്കാനും ഓരോ ചിത്രത്തിന്റെയും കഥകൾ പറയാനും ചന്ദ്രന് ആവേശമാണ്.
ഗൾഫിൽ ഉണ്ടായിരുന്ന കാലത്തു ഭാര്യ ചന്ദ്രിക അയച്ചിരുന്ന എഴുത്തുകളിൽനിന്നു ശേഖരിച്ച ഒരു രൂപയുടെ എണ്ണൂറോളം ഗാന്ധി സ്റ്റാംപുകൾ കൊണ്ട് 4×5 അടി വലിപ്പമുള്ള ഇന്ത്യയുടെ ഭൂപടവും ചന്ദ്രൻ തയാറാക്കി. ഇന്ദിരയെ ആരാധിക്കുന്ന അച്ഛനു പിന്തുണയുമായി മക്കളായ സുനേന ചന്ദ്രനും വിവേക് ചന്ദ്രനും കാർത്തിക് ചന്ദ്രനും ഒപ്പമുണ്ട്. പൊന്നുപോലെ സൂക്ഷിക്കുന്ന ആൽബം ഇന്ദിരയുടെ കൊച്ചുമക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിട്ടു കാണിക്കണമെന്നാണു ചന്ദ്രന്റെ ആഗ്രഹം.
1984 ഒക്ടോബർ 31നാണ് ഇന്ദിര കൊല്ലപ്പെട്ടത്. അഞ്ചാം നാൾ ഇന്ദിര അഗ്നിയിലമർന്നു. ഇന്ദിരയ്ക്ക് എന്നും പ്രിയപ്പെട്ട ഹിമാലയ നിരകൾക്കു മുകളിലൂടെ 12–ാം നാൾ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളിലൊന്നു പറന്നു. വിമാനത്തിലുണ്ടായിരുന്ന മകനും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി, ഗംഗോത്രി മുതൽ അമർനാഥ് വരെ ഇന്ദിരയുടെ ചിതാഭസ്മം വിതറി. ചന്ദ്രന്റെ ആൽബം പോലെ, മരിക്കാത്ത ഓർമത്തരികളായി ഇന്നും രാജ്യമാകെ ഇന്ദിര നിറയുന്നു