പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി റാപ്പർ വേടൻ കോടതിയിലേക്ക്

കൊച്ചി: വനം വകുപ്പ് പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് ചുമത്തിയ കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിക്കുമെന്ന് റാപ്പർ വേടൻ. വിദേശത്ത് മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഇങ്ങനെയോരു നീക്കം. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ഇതിനാൽ വേടന് നിലവിൽ വിദേശത്ത് പോകാൻ സാധിക്കാത്ത സാഹചര്യമാണ്.
കോടതിയിൽ പാസ്പോർട്ട് വിട്ടുകിട്ടണമെന്ന് റാപ്പർ വേടൻ ആവശ്യപ്പെടും. അതേസമയം തനിക്കെതിരെ ആർഎസ്എസ് വേട്ടയാടൽ തുടരുകയാണെന്നും വേടൻ പ്രതികരിച്ചു . പക്ഷെ ആർഎസ്എസിൻ്റെ ഈ ഭീഷണിയെ താൻ കാര്യമാക്കുന്നില്ല. സാമൂഹ്യ മാധ്യമത്തിലൂടെ ആക്രമണം തുടരുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള എംപി തോൽ തിരുമാവളവൻ തന്നെ വിളിച്ചിരുന്നുവെന്നും തനിക്ക് പിന്തുണ അറിയിച്ചിരുന്നുവെന്നും റാപ്പർ വേടൻ കൊച്ചിയിൽ പറഞ്ഞു