ഭിന്നശേഷിക്കാരിയായ 16 കാരിയെ പീഡിപ്പിച്ചു: പ്രതിക്ക് 47 കൊല്ലം കഠിനതടവും പിഴയും

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 16 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 47 കൊല്ലം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ. പ്രതി രാജീവിനെ (41) തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍ രേഖയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 2020 സെപ്റ്റംബര്‍ 25 രാവിലെ 11.45 ഓടെയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഈ സമയം കുട്ടിയുടെ ചേച്ചിവീട്ടില്‍ എത്തിയിരുന്നു. അനിയത്തിയെ പീഡിപ്പിക്കുന്നതുകണ്ട ചേച്ചി, പ്രതിയെ അവിടെ കിടന്ന ഒരു വടി എടുത്ത് അടിച്ചോടിച്ചു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തില്‍ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ ഇരു കുട്ടികളും നിലവിളിച്ചതുകേട്ട നാട്ടുകാര്‍ ഓടിയെത്തിയാണ് പൊലീസില്‍ വിവരമറിയിച്ചത്. മുറിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പ്രതി വലിച്ച് അടുക്കള ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. മുമ്പ് രണ്ടുതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും വിവരമുണ്ട്. പ്രതി ഭീഷണിപ്പെടുത്തിയതിനാലാണ് പെണ്‍കുട്ടി സംഭവം പുറത്തുപറയാതിരുന്നത്.
ഡൗണ്‍സിന്‍ഡ്രോം രോഗ ബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ 31 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.