15 കാരിയായ ചെറുമകൾക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 62 വർഷം തടവ്
കരുനാഗപള്ളി: 15 കാരിയായ ചെറുമകളെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് ശിക്ഷ 65 വർഷം തടവും രണ്ടരലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷംകൂടി തടവ് അനുഭവിക്കേണ്ടതായി വരും. ചെറുമകളെ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തതുവെന്നായിരുന്നു പരാതി.
പ്രതിയുടെ ചെറുമകൾ ഇയാളുടെ സംരക്ഷണത്തിൽ കഴിയുന്ന കാലത്താണ് കുറ്റകൃത്യം നടന്നത്. മാതാവിൻ്റെ സുഹൃത്തിൽ നിന്നുണ്ടായ ലൈംഗികാതിക്രമത്തെ തുടർന്നുള്ള മൊഴി കൊടുക്കുമ്പോഴാണ് ഈ വെളിപ്പെടുത്തലും നടത്തിയത്. മതിയായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിച്ചതെന്നും, പ്രതി കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഓച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കരുനാഗപള്ളി അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടറായിരുന്ന പി. വിനോദ്, സബ് ഇൻസ്പെക്ടറായിരുന്ന നിയാസ് എന്നിവരായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.