മീരാ- ഭയ്ന്ദർ,വസായ് ,വീരാർ മേഖലകളിൽ ലൈംഗികപീഡന കേസുകൾ വർദ്ധിക്കുന്നു
മുംബൈ : മീരാ- ഭയ്ന്ദർ, നല്ലോസപ്പാറ , വസായ് ,വീരാർ മേഖലകളിൽ സ്ത്രീകൾക്കതിരെയുള്ള ലൈംഗിക പീഡനകേസുകൾ വർദ്ദിച്ചുവരുന്നതായി കണക്ക് . കഴിഞ്ഞ കുറച്ചുകാലങ്ങളായി ദിവസത്തിൽ കുറഞ്ഞത് ഒരു കേസെങ്കിലും രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട് എന്ന് MBVV (മീരാ- ഭയ്ന്ദർ,വസായ് ,വീരാർ)പോലീസ് തന്നെ സമ്മതിക്കുന്നു.സെപ്റ്റംബറിൽ മാത്രം 33 ബലാത്സംഗ കേസുകളും ഏഴ് കൂട്ടബലാത്സംഗ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പല സംഭവങ്ങളിലും കേസെടുക്കാൻ പോലീസ് വിസമ്മതിക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട് .
കഴിഞ്ഞ ദിവസം ,സ്വന്തം നഗ്ന ചിത്രങ്ങൾ സുഹൃത്തിൻ്റെ ഇൻസ്റ്റാഗ്രാമിൽ കണ്ട് , മുൻ കാമുകനെതിരെ പോലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ പോലീസ് തയ്യാറായില്ല എന്ന് വീരാറിൽ താമസിക്കുന്ന 19 കാരിയായ കോളേജ് വിദ്യാർത്ഥിനി ആരോപണവുമായി വന്നത് ഇതേ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കോളേജ് വിട്ടുപോകണം എന്ന് കഴിഞ്ഞയാഴ്ച്ച മുൻ കാമുകൻ ആവശ്യപ്പെട്ടപ്പോൾ തയ്യാറാകാതിരുന്ന കാരണത്താൽ രണ്ടുവർഷം മുന്നേയെടുത്ത സ്വകാര്യ ദൃശ്യങ്ങൾ യുവാവ് പെൺകുട്ടിയുടെ സുഹൃത്തിൻ്റെ ഇൻസ്റ്റയിൽ പോസ്റ്റി പരസ്യമാക്കുകയായിരുന്നു. അഞ്ചു ദിവസം അക്കോള പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ പറഞ്ഞിട്ടും പോലീസ് FIR രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല മറിച്ചു യുവാവിനെ പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമമാണ് അവർ നടത്തിയത് എന്ന് പെൺകുട്ടി പറഞ്ഞു
എൻ്റെ മുൻകാല പ്രവർത്തികൾ അന്വേഷിക്കുമെന്നും “മുൻ കാമുകനോടൊപ്പം ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിൻ്റെ വിശദാംശങ്ങളും പുറത്തറിയിക്കും ” എന്ന് പറഞ്ഞു പോലീസ് തന്നെ ഭീഷണിപ്പെടുത്തുകയാണ് എന്നും പെൺകുട്ടി ആരോപിക്കുന്നു.