പീഡന കേസ് പ്രതികൊല്ലപ്പെട്ട സംഭവം : നേതാക്കൾ രാഷ്ട്രീയം കളിക്കുന്നു / സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം
മുംബൈ : ബദ്‌ലാപ്പൂർ പീഡനക്കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ നേതാക്കൾ രാഷ്‌ട്രീയം കളിക്കുകയാണെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഉജ്ജ്വൽ നികം.
“പ്രതിക്കെതിരെ രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചു, അയാൾക്കെതിരെ പോലീസിന് മതിയായ തെളിവുകൾ ഉണ്ടായിരുന്നു. ബലാത്സംഗ സംഭവത്തിന് ഇരയായ രണ്ട് പേർ പ്രതി അക്ഷയ് ഷിൻഡെയെ തിരിച്ചറിയുകയും ചെയ്തു. വിഷയം കോടതിയിൽ പോയിരുന്നെങ്കിൽ അയാൾക്ക് വധശിക്ഷ ലഭിക്കുമായിരുന്നു എന്നതിന് മതിയായ തെളിവുകൾ പോലീസിൻ്റെ പക്കലുണ്ട്. രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലെന്ന് പ്രതികൾ തിരിച്ചറിയുമ്പോൾ , അവർ അക്രമാസക്തരാകാം. അത്തരം സംഭവങ്ങൾ ഇവിടെ നിരവധിയുണ്ടായിട്ടുണ്ട്. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാ എന്ന് മനസ്സിലായപ്പോൾ അയാൾ മാനസികമായി തളർന്നിരിക്കാം, അതുകൊണ്ടാണ് അയാൾ പോലീസിനെ ആക്രമിക്കാനും ആത്മഹത്യയ്ക്കും ശ്രമിച്ചത്. പൊലീസിന് നേരെ വെടിവെച്ചപ്പോൾ പോലീസിന് തിരിച്ചും വെടിവയ്പ്പ് നടത്തേണ്ടിവന്നു, രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ഇതാണ് യാഥാർഥ്യം. നിർഭാഗ്യവശാൽ, സംഭവത്തെ മുതലെടുത്ത് പല നേതാക്കളും രാഷ്ട്രീയം കളിക്കുകയാണ്. ജുഡീഷ്യൽ അന്വേഷണത്തിന് ശേഷം സത്യം പുറത്തുവരും…ബദ്‌ലാപൂർ സംഭവത്തിലെ മറ്റ് പ്രതികൾക്കെതിരെയും വിചാരണ നടത്തും.”ഉജ്ജ്വൽ നിഗം മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റുമുട്ടൽ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും
ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു .
“ നീതി ലഭിക്കുക എന്നത് പ്രധാനപ്പെട്ടകാര്യമാണ്.കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തിയാൽ പ്രതിയെ
തൂക്കിലേറ്റുകതന്നെ വേണം . എന്നാൽ ഇന്നലത്തെ സംഭവം ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ”
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു, “ബിജെപിയുമായി ബന്ധമുള്ള സ്കൂൾ ട്രസ്റ്റികൾ ഇപ്പോഴും ഒളിവിലാണ്” എന്ന് അദ്ദേഹം ആരോപിച്ചു.വ്യാജ ഏറ്റുമുട്ടലാണ് എന്നാരോപിച്ച് പ്രതിയുടെ ബന്ധുക്കളും രംഗത്തുവന്നിട്ടുണ്ട് .
ഏറ്റുമുട്ടലിൽ പരിക്കേറ്റ പോലീസുകാരനെ പാർട്ടി പ്രവർത്തകർക്കൊപ്പം ശിവസേന എംപി നരേഷ് മസ്‌കെ
ഇന്ന് സന്ദർശിച്ചു.
ബദ്‌ലാപൂർ ബാലപീഡനക്കേസിലെ പ്രതിയായ 23-കാരൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു പോലീസുകാരൻ്റെ പിസ്റ്റൾ തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചപ്പോൾ പോലീസ് തിരിച്ചു വെടിവെക്കുകയും കൊല്ലപ്പെടുകയുമായിരുന്നു . പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം ആരോപിച്ച് 2022-ൽ രണ്ടാം ഭാര്യ നൽകിയ മറ്റൊരു കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെ അക്ഷയ് ഷിൻഡെയെ തലോജ ജയിലിൽനിന്ന് താനെയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വെടിവയ്പ്പ് നടന്നത് എന്നാണ് പോലീസ് പറയുന്നത്