രഞ്ജി ട്രോഫി : ചരിത്രം തിരുത്തുമെന്ന ആത്മവിശ്വാസത്തോടെ കേരളം

നാഗ്‌പൂര്‍: രഞ്ജി ട്രോഫി ഫൈനല്‍ പോരാട്ടത്തിന് നാളെ നാഗ്‌പൂരില്‍ തുടക്കമാകും. ആദ്യ കിരീടം മോഹിച്ച് ചരിത്രനേട്ടം സ്വന്തമാക്കാന്‍ കേരളം നാളെ വിദർഭയെ നേരിടും. ടൂര്‍ണമെന്‍റില്‍ അപരാജിതരായാണ് ഇരുടീമുകളും കലാശപ്പോരിന് ഇറങ്ങുന്നത്. മത്സരം ഹോം ഗ്രൗണ്ടിലായതിനാല്‍ ഏറെ ആത്മവിശ്വാസത്തിലാണ് വിദര്‍ഭ. എന്നാല്‍ വിവിധ സാഹചര്യങ്ങളിൽ കളിച്ചുള്ള പരിചയം കേരളത്തിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തുന്നത്.
കേരളത്തിന്‍റെ സൽമാൻ നിസാറും, മുഹമ്മദ് അസഹറുദ്ദീനും, ജലജ് സക്സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ തന്നെ തകര്‍പ്പന്‍ ഫോമിലാണ്. മുൻനിര കൂടി ഉയർന്നാൽ ബാറ്റിങ് നിര അതിശക്തമാവും. ക്യാപ്റ്റൻ സച്ചിൻ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
ബൗളിങ്ങിൽ അതിഥി താരങ്ങളായ ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് കേരളത്തിന്‍റെ കരുത്ത്. നിധീഷും വിക്കറ്റ് വേട്ട നടത്തുമെന്നാണ് പ്രതീക്ഷ. ഇതുവരെ കാഴ്‌ചവച്ച ആത്മവിശ്വാസത്തോടെ ഫൈനലിലും കളിക്കാനായാല്‍ കേരളത്തിന് രഞ്ജിയിലെ ആദ്യ കിരീടം സാധ്യമാകും.