സംഗീതത്തിന് ജാതിയില്ല, മതമില്ല, ഒരു പുണ്ണാക്കുമില്ല : സുരേഷ് ഗോപി

0
suresh gopi vasai

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദമൊന്നും കണക്കിലെടുക്കേണ്ടതില്ല. അത് കുട്ടികളുടെ ആഘോഷമായിരുന്നു. ആ കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി പാടിയതാണ്. അവര്‍ക്ക് തോന്നിയ ഗാനം ആലപിക്കുകയാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

കുട്ടികളെ പഠിപ്പിച്ചു എന്നൊക്കെയുള്ള ആരോപണങ്ങള്‍ അവര്‍ കയ്യില്‍ വെച്ചേക്കുക. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പുണ്ണാക്കുമില്ല. സംഗീതമെന്നത് ആസ്വദിക്കാന്‍ പറ്റണം. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങള്‍ അവാര്‍ഡ് വരെ കൊടുക്കുന്നില്ലേ. അതൊന്നും ചെയ്തില്ലല്ലോ. സംഗീതം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാത് തിരിക്കൂ, ഹൃദയം തിരിക്കൂ, മുഖം തിരിക്കൂ, എന്തു വേണമെങ്കിലും തിരിക്കൂ. അത്രയേയുള്ളൂ. കുഞ്ഞുങ്ങള്‍ അവരുടെ സന്തോഷം ആഘോഷിക്കുകയാണ് ചെയ്തത്.

ആ കുട്ടികളുടെ മനസ്സിലേക്ക് വിമര്‍ശിക്കുന്നവരാണ് വിഷം കുത്തിവെക്കുന്നത്. മറ്റു ചിന്തകള്‍ കുത്തിക്കയറ്റുന്നത്. അതു നിര്‍ത്തണം. വിമര്‍ശനം ഉന്നയിക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ തന്റെയൊപ്പം രണ്ടു കോളനികളിലേക്ക് വരണമെന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു. മോഡേണ്‍ കോളനി, പാടൂക്കാട് കോളനി. എന്താണ് നിങ്ങള്‍ പട്ടിക വിഭാഗക്കാരോടും കുമ്പാരികളോടും ചെയ്തുകൊണ്ടിരിക്കുന്ന വഞ്ചന അല്ലെങ്കില്‍ തരം എന്നു കാണാം. അതാണ് അഡ്രസ് ചെയ്യേണ്ടത്, അല്ലാതെ ഗണഗീതമല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

ബംഗളൂരിലേക്ക് പോകാന്‍ മുമ്പ് ബസിനെയാണ് നാമെല്ലാം ആശ്രയിച്ചിരുന്നത്. ബസിലെ അമിതമായ കൂലി അടക്കം പല പ്രശ്‌നങ്ങളുണ്ടായിരുന്നു. അതേസമയം അവരുടെ സര്‍വീസിനെ വിലമതിക്കുന്നു. അവരുടെ ചില്ല് അടിച്ചുപൊട്ടിക്കാതെ പ്രതിസംവിധാനം ആശ്രയിക്കാന്‍ സാധിക്കണം. റെയില്‍വേ ആണ് ഏക പരിഹാരം. 2001 മുതല്‍ ബംഗളൂരുവിലെ മലയാളി സമൂഹവുമായുള്ള അടുപ്പത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നും സാധ്യമായിരുന്നില്ല.

പഠിക്കാന്‍ പോകുന്നവരും ജോലി ചെയ്യുന്നവരും അടക്കം ബംഗളൂരിവിലേക്ക് പോകുന്ന വനിതകള്‍ക്ക് വന്ദേഭാരത് ട്രെയിന്‍ മികച്ച അനുഗ്രഹമാണ്. പ്രത്യേകിച്ചും ടോയ്‌ലറ്റ് സംവിധാനം ഉപയോഗിക്കുന്നതില്‍. ആണുങ്ങള്‍ക്ക് എവിടെ പോയി നിന്നെങ്കിലും കാര്യം സാധിക്കാം. പക്ഷെ സ്ത്രീകള്‍ക്ക് അതിനു കഴിയില്ല. അവിടെയാണ് വലിയൊരു ആശ്വാസമാകുന്നത്. ഇതാണ് താന്‍ വലിയ മാറ്റമായി കാണുന്നത്. അല്ലാതെ ട്രെയിന്‍ നിറഞ്ഞ് ഓടുന്നു എന്നതല്ല. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ ട്രെയിന്‍ സര്‍വീസാണ് ഇത്. റോഡ് ശീലത്തില്‍ ഉണ്ടാകുന്ന എല്ലാ ന്യൂനതകളും പരിഹരിക്കുന്ന ഒരു റെയില്‍ശീലമാണ് ഇതിലൂടെ ഉണ്ടാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *