ഇന്ത്യയുടെ തിരിച്ചടിയില്‍ അഭിമാനമെന്ന് രാമചന്ദ്രന്റെ മകള്‍

കൊച്ചി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. തന്റെ അമ്മയെ പോലെ സിന്ദുരം മായ്ക്കപ്പെടാനും ഉറ്റവരെ നഷ്ടപ്പെടാനും കാരണമായ തീവ്രവാദത്തിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് എന്നും ആരതി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ത്യയുടെ പ്രതികരണത്തില്‍ അഭിമാനമുണ്ട്, ഞങ്ങളുടെ നഷ്ടം നികത്താനാവില്ല, പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. സാധാരണ മനുഷ്യര്‍ക്ക് തീവ്രവാദികളെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, അത് അനുഭവിച്ച് അറിഞ്ഞതാണ്. ഇതാണ് പ്രതീക്ഷിച്ചത്, രാജ്യം തിരിച്ചടിച്ചതില്‍ സന്തോഷം. നിരപരാധികളെ ആക്രമിച്ചതിന് മറുപടി. എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ മണ്ണില്‍ നിന്നപ്പോഴാണ് നിരപരാധികള്‍ ആക്രമിക്കപ്പെട്ടത്. ഇതാണ് ഇന്ത്യ ഇതാണ് ഞങ്ങളുടെ മറുപടി.
ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ ടാഗ് ലൈന്‍ ഏറ്റവും ഉചിതമായതാണ്. എന്റെ അമ്മയുടെ സിന്ദുരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിനെ കാണുന്നു. സൈനിക നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. പ്രധാനമന്ത്രിക്കും സൈന്യത്തിനും രാജ്യത്തിനും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുകയാണ് എന്നും ആരതി പ്രതികരിച്ചു.