‘രാമനും ശിവനും വിശ്വാമിത്രനും ഇന്ത്യക്കാരല്ല, നേപ്പാളികൾ’; നേപ്പാൾ പ്രാധാനമന്ത്രി

ഹിന്ദുക്കൾ ആരാധിക്കുന്ന രാമനും ശിവനും വിശ്വാമിത്രനുമൊന്നും ഇന്ത്യക്കാരല്ലെന്നും അവർ നേപ്പാളിൻറെ മണ്ണിൽ ജനിച്ചവരാണെന്നും ആവർത്തിച്ച് നേപ്പാളി പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ പ്രസ്താവന . സിപിഎൻ – യുഎംഎസ്‍ ടൂറിസം – സിവിൽ ഏവിയേഷൻ വകുപ്പ് കാഠ്മണ്ഡുവിൽ സംഘടിപ്പിച്ച ഒരു യോഗത്തിൽ സംസാരിക്കവെയാണ് കെ പി ശർമ്മ ഒലി ഇത്തരമൊരു അഭിപ്രായം നടത്തിയത്. രാമൻറെ ജന്മ സ്ഥലം ഉത്തർപ്രദേശിലെ അയോധ്യയാണെന്ന ഇന്ത്യൻ ഹിന്ദുക്കളുടെ വിശ്വാസത്തെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു .
തൻറെ വാദം സാധൂകരിക്കരിക്കാൻ അദ്ദേഹം വാൽമീകി രാമായണത്തിലെ വരികൾ ഉദ്ധരിച്ചെന്നും റിപ്പോർട്ടുകളുണ്ട് . ‘ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു, പക്ഷേ രാമൻ മറ്റെവിടെയെങ്കിലും ജനിച്ചുവെന്ന് പറയുന്ന ഒരു കഥ എങ്ങനെ കണ്ടുപിടിക്കാൻ കഴിയും? രാമൻ ഇന്ന് നേപ്പാളിലെ പ്രദേശത്താണ് ജനിച്ചത്. അന്ന് അതിനെ നേപ്പാൾ എന്ന് വിളിച്ചിരുന്നോ ഇല്ലയോ എന്നത് മറ്റൊരു കാര്യമാണ്. ആ പ്രദേശം ഇപ്പോൾ നേപ്പാളിലാണ്.’ രാമനെ ചിലർ ദൈവമായി കാണുന്നുണ്ടെന്നും എന്നാൽ നേപ്പാൾ ഈ വിശ്വാസത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കുട്ടിച്ചേർത്തു.