മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി: റാം മോഹൻ നായിഡു

0

ന്യൂഡൽഹി: മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ടിഡിപിയുടെ രാം മോഹൻ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 36 വയസ് മാത്രാമണ് റാം മോഹൻ നായിഡുവിന് പ്രായം. തുടർച്ചയായി മൂന്നാമത്തെ തവണയാണ് ശ്രീകാകുളത്ത് നിന്ന് റാം മോഹൻ നായിഡു എംപിയാകുന്നത്. ടിഡിപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ് റാം മോഹൻ.

റാം മോഹൻ 3.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വൈഎസ്ആർ കോൺഗ്രസിന്റെ തിലക് പേരടയെയാണ് തോൽപ്പിച്ചത്. മുൻ കേന്ദ്രമന്ത്രി യേരൻ നായിഡുവിന്റെ മകനാണ് റാം മോഹൻ നായിഡു. യേരൻ നായിഡു 1996-98 കാലഘട്ടത്തിലാണ് കേന്ദ്രമന്ത്രിയായത്. പിതാവ് യേരൻ നായിഡുവിന്റെ മരണത്തിന് പിന്നാലെയാണ് റാം മോഹൻ നായിഡുവിന്റെ രാഷ്ട്രീയ പ്രവേശനം.

26-ാം വയസ്സിലാണ് അദ്ദേഹം ശ്രീകാകുളം ലോക്സഭാ സീറ്റിൽ നിന്ന് ആദ്യമായി മത്സരിച്ച് ജയിച്ചത്. പതിനാറാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയായിരുന്നു. പാർലമെന്റിൽ ആർത്തവ ആരോഗ്യ വിദ്യാഭ്യാസത്തിനും ലൈംഗിക വിദ്യാഭ്യാസത്തിനും വേണ്ടി വാദിച്ച ആദ്യ എംപിമാരിൽ ഒരാളാണ് റാം മോഹൻ നായിഡു. സാനിറ്ററി പാഡുകളിൽ ചുമത്തുന്ന ജിഎസ്ടി എടുത്തു കളയുന്നതിന് അദ്ദേഹം വ്യാപകമായ പ്രചരണം നടത്തിയിട്ടുമുണ്ട്.

കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം, റെയിൽവേ, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളുടെ സ്റ്റാൻഡിങ് കമ്മിറ്റിയിലും ടൂറിസം, സംസ്‌കാരം എന്നീ കമ്മിറ്റികളുടെ കൺസൾടേറ്റീവ് കമ്മിറ്റിയിലും ഒബിസി, ഔദ്യോഗിക ഭാഷാ വകുപ്പ് എന്നിവയുടെ ക്ഷേമ കമ്മിറ്റിയിലും റാം മോഹൻ നായിഡു ഭാഗമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *