SAAREE സിനിമയിലെ നായിക ആരാധ്യ ദേവിയുടെ ജന്മദിനം ആഘോഷിച്ച് രാം ഗോപാൽ വർമ്മ
മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷത്തിന്റെ മുഴുവൻ വിഡിയോയും പങ്കുവച്ച് സംവിധായകൻ രാം ഗോപാൽ വർമ. രാം ഗോപാൽ വർമയുടെ ഹൈദരാബാദുള്ള ഓഫിസ് ആയ ഡെന്നിൽ വച്ചായിരുന്നു ആഘോഷം. ആരാധ്യയ്ക്കായി വമ്പൻ വിരുന്നാണ് ആർജിവി സംഘടിപ്പിച്ചത്. സംവിധായകന്റെ കുടുംബാംഗങ്ങളും അസോസിയേറ്റ്സും ആഘോഷത്തിൽ പങ്കെടുത്തു.
രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിലെ നായികയാണ് ആരാധ്യ. ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. രവി വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് “സാരി” എന്ന ചിത്രം പറയുന്നത്. നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്ഠേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്. ഇതുപോലെ തന്നെയായിരുന്നു സത്യ യാദുവിന്റേയും തെരഞ്ഞെടുപ്പ്.
തനിക്ക് അയച്ചു കിട്ടിയ ഇൻസ്റ്റാ റീലിലൂടെയാണ് രാം ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.