സിനിമാ സ്റ്റൈലിൽ രജനി സ്കൂളിലേക്ക്
കൊച്ചുമകന്‍ സ്‌കൂളില്‍ പോകണ്ടെന്ന് വാശി പിടിച്ച് കരഞ്ഞതോടെ അപ്പൂപ്പന്റെ ഡ്യൂട്ടിയുമായി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സ്കൂളില്‍ പോകാൻ റെഡിയാക്കിയെന്നു മാത്രമല്ല കൊച്ചുമകന്റെ കൈപിടിച്ച് ക്ലാസ് മുറി വരെ കൊണ്ടുവിട്ടിട്ടാണ് രജനികാന്ത് യാത്രയായത്. രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് ആണ് തന്റെ മകന്റെയും രജനിയുടെയും ചിത്രങ്ങൾ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. സ്‌കൂളില്‍ പോവില്ലെന്ന് വാശിപിടിച്ച സൗന്ദര്യയുടെ മകന്‍ വേദിനെ സ്‌കൂളിലാക്കാന്‍ പോവുന്ന രജനികാന്തിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക. ‘‘ഇന്ന് രാവിലെ എന്റെ മകനു സ്കൂളിൽ പോവാൻ മടി. അപ്പോൾ അവന്റെ പ്രിയപ്പെട്ട സൂപ്പർഹീറോ താത്ത തന്നെ അവനെ സ്കൂളിലേക്ക് കൂട്ടികൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും,’’ സൗന്ദര്യ കുറിച്ചു.
ബെസ്റ്റ് ഗ്രാൻഡ് ഫാദർ, ബെസ്റ്റ് ഫാദർ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കിട്ടത്. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലുള്ള മകനാണ് വേദ്. സൗന്ദര്യ- വിശാഖൻ ദമ്പതികൾക്കും ഒരു കുഞ്ഞുണ്ട്, വീർ രജനികാന്ത് വണങ്കാമുടി എന്നാണ് കുഞ്ഞിന്റെ പേര്.