കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. അറസ്റ്റിലായി 41 ദിവസമാണ് തന്ത്രി കണ്ഠരര് രാജീവര് ജയിലില്‍ കഴിഞ്ഞത്. പ്രഥമദൃഷ്ട്യാ തന്ത്രിക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. തന്ത്രിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
90 ദിവസത്തിന് മുമ്പ് ജാമ്യം നേടി പുറത്തിറങ്ങുന്ന രണ്ടാമത്തെ പ്രതിയാണ് കണ്ഠരര് രാജീവര്. ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനാണ് ആദ്യം ജാമ്യം ലഭിച്ചത്. കേസില്‍ ജാമ്യം ലഭിച്ച മറ്റുപ്രതികളെല്ലാം അറസ്റ്റിലായി 90 ദിവസം പിന്നിട്ടശേഷം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.തന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക പങ്കുണ്ടെന്നും, ജാമ്യം അനുവദിക്കരുതെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.
