പെരുമ്പാവൂരിൽ രാജീവ്-രാജീവന്മാരുടെ ലോകം തീർത്ത് ‘രാജീവം-2025’

പെരുമ്പാവൂർ: മാർച്ച് 2 ഞായറാഴ്ച പട്ടണത്തിലെ ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയം തിങ്ങിനിറഞ്ഞത് വിവിധ പ്രായക്കാരായ രാജീവ് – രാജീവന്മാരെക്കൊണ്ടായിരുന്നു. ഒരേപേരുകാരുടെ ഒത്തൊരുമയിൽ പെരുമ്പാവൂരിൽ അവരൊരു ഔദ്യോഗിക പ്രഖ്യാപനവും നടത്തി. ഇനി മുതൽ മാർച്ച് -2 ‘വേൾഡ് രാജീവ്സ് ഡേ’ ആയിരിക്കുമെന്ന് ! കേരളത്തിന്റെ പലജില്ലകളിൽ നിന്നായി ഈ അപൂർവ്വസംഗമത്തിലേയ്ക്ക് എത്തിച്ചേർന്നത് നൂറുകണക്കിനാളുകളാണ്. പേരുചൊല്ലി വിളിച്ചാൽ എല്ലാവരും ഒരുമിച്ചുവിളികേൾക്കുന്ന ഈ അപൂർവ്വ സംഗമത്തിന്റെ മുഖ്യ ആശയാവിഷ്കാരം, പെരുമ്പാവൂർ പടിയ്ക്കൽ പുത്തൻവീട്ടിൽ പി.കെ രാജീവിന്റേതായിരുന്നു. കാക്കനാട് നീറ്റ ജലാറ്റിൻ കമ്പനിയിലെ ഉദ്യോഗസ്ഥനായ രാജീവും ഒരേപേരുള്ള പെരുമ്പാവൂരിലെ മറ്റു രണ്ടുമൂന്നു സുഹൃത്തുക്കളും ചേർന്ന് രൂപപ്പെടുത്തിയ ആശയമാണ് ഇത്തരമൊരു കൗതുകക്കൂട്ടായ്മയായി മാറിയത്.
ഇതിനായി സമൂഹമാധ്യമങ്ങളിലൂടെ മാസങ്ങളായി വ്യാപകമായ പ്രചാരണം നടത്തിയിരുന്നു.ലോകത്തിലെങ്ങുമുള്ള രാജീവ്, രാജീവന്‍ എന്നീ പേരുകാര്‍ക്കായി മാര്‍ച്ച് രണ്ട് ലോക രാജീവ് ദിനമായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക പ്രമേയം യോഗം അംഗീകരിച്ചു. ലഹരിക്കെതിരെ ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ വിശാലമായ ക്യാന്‍വാസില്‍ അംഗംങ്ങള്‍ ഒപ്പു ശേഖരണം നടത്തി. സമൂഹത്തിന് ദിശാബോധം നല്‍കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കാനും സംഗമത്തില്‍ തീരുമാനമായതായി സംഘാടകർ അറിയിച്ചു. ശബരിമല മുന്‍ മാളികപ്പുറം മേല്‍ശാന്തി വൈക്കം രാജീവ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ 65 വയസ് പൂര്‍ത്തിയാക്കിയ രാജീവന്മാര്‍ ചേര്‍ന്ന് സംഗമം ഉദ്ഘാടനം ചെയ്തു. 34 വയസുമുതല്‍ 73 വയസ് വരെയുളള നാനൂറോളം രാജീവുമാര്‍ പങ്കെടുത്തു. കലാപരിപാടികളും നടന്നു.
സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പി.കെ. രാജീവ് തന്നെ തിരഞ്ഞെടുക്കപ്പെട്ടു. ഓരോ ജില്ലകളിലേക്കും രണ്ട് വീതം കോ- ഓര്‍ഡിനേറ്റര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. കൂട്ടായ്മയുടെ സംസ്ഥാനതലത്തിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അംഗങ്ങളായ പി.കെ. രാജീവ്, രാജീവ് പണിക്കർ, ഡോ. ബി. രാജീവ്, മാതൃഭൂമി ദിനപ്പത്രം പെരുമ്പാവൂർ ലേഖകൻ ബി. രാജീവ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നല്‍കിയത്.