രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായില്ല
ജയ്പൂർ: രാജസ്ഥാനിൽ അഞ്ച് വയസ്സുകാരൻ കുഴൽ കിണറിൽ വീണ സംഭവത്തിലെ 56 മണിക്കൂറത്തെ രക്ഷാപ്രവർത്തനം വിഫലമായി. ആര്യനെ രക്ഷപ്പെടുത്താനായില്ല. അബോധാവസ്ഥയിൽ ആണ് കുട്ടിയെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് ഉടൻ തന്നെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടതാണ് ദൗത്യം ദുഷ്കരമാക്കിയത്. ഡ്രില്ലിംഗ് മെഷീനിലെ സാങ്കേതിക തകരാർ, 160 അടിയോളമുള്ള ജലനിരപ്പ് എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ തങ്ങൾ പ്രവർത്തനങ്ങളിൽ നേരിട്ടതായി രക്ഷാപ്രവർത്തകർ പറഞ്ഞു. 150 അടി താഴ്ചയുള്ള കുഴൽ കിണറ്റിലാണ് കുട്ടി അകപ്പെട്ടത്.
രാജസ്ഥാനിലെ ദൗസയിലെ കുഴല്‍ കിണറിലാണ് ആര്യൻ വീണത്. ഓപ്പറേഷന്‍ ആര്യന്‍ എന്നായിരുന്നു രക്ഷാപ്രവര്‍ത്തനത്തിൻ്റെ പേര്. കുട്ടിക്ക് ശ്വാസം ലഭിക്കാനായി സമാന്തരമായി ട്യൂബ് വഴി ഓക്സിജൻ നൽകിയായിരുന്നു രക്ഷാപ്രവർത്തനം. കുഴൽക്കിണറിൽ സ്ഥാപിച്ച ക്യാമറയിലൂടെ കുട്ടിയുടെ ചലനം എസ്ഡിആർഎഫ് സംഘം നിരീക്ഷിച്ചുവെങ്കിലും ഭൂഗർഭ നീരാവി കാരണം ക്യാമറയിൽ കൂടുതൽ ദൃശ്യങ്ങൾ കാണാൻ കഴിയാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. 150 അടി താഴ്ചയുള്ള കുഴൽ കിണറ്റിലായിരുന്നു കുട്ടി അകപ്പെട്ടത്.
കാളിഖാഡ് ഗ്രാമത്തിലെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ തുറന്ന് കിടന്ന കുഴൽകിണറ്റിൽ വീണത്. വീടിൻ്റെ 100 അടി മാറിയുള്ള കുഴൽ കിണറിൽ അമ്മയുടെ കൺമുന്നിൽ വെച്ചാണ് കുട്ടി വീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോട് കൂടിയാണ് കുട്ടി കിണറ്റിൽ വീണത്. ഒരു മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തനം ആരംഭിച്ചു. ഈ കുഴൽക്കിണർ മൂന്ന് വർഷം മുമ്പ് കുഴിച്ചെങ്കിലും മോട്ടോർ കുടുങ്ങിയതിനാൽ ഉപയോഗം നിലച്ചിരുന്നു. നിലവിൽ അതേ മോട്ടോറിന് സമീപം തന്നെയാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്.