ഇരു സേനാ നേതാക്കളെയും കടന്നാക്രമിച്ച് രാജ്‌താക്കറെ / എംഎൻഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡോംബിവ്‌ലിയിൽ ഗംഭീര തുടക്കം.
ഡോംബിവ്‌ലി :മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശക്തികേന്ദ്രമായ താനെ ജില്ലയിലെ ഡോംബിവ്‌ലിയിൽ പതിനായിരങ്ങൾ പങ്കെടുത്ത ശക്തിപ്രകടനത്തോടെ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേന ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു ..
റാലിയെ അഭിസംബോധന ചെയ്യവേ ,ബാൽ താക്കറെ സ്ഥാപിച്ച ശിവസേനയുടെ 2022 ജൂണിലെ പിളർപ്പിനുശേഷം പാർട്ടിയുടെ പൈതൃകത്തെച്ചൊല്ലി ഇരു സേന നേതാക്കളും നടത്തിവരുന്ന കടുത്ത പോരാട്ടത്തിനെതിരെ രാജ് താക്കറെ ആഞ്ഞടിച്ചു.പാർട്ടിയുടെ പേരും അമ്പും വില്ലും ബാലാസാഹെബ് താക്കറെയുടേതാണെന്നും തമ്മിലടിക്കുന്ന ഒരു വിഭാഗത്തിൻ്റെയും സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടികളിലെ പിളർപ്പും എംഎൽഎമാർ അധികാരത്തിനായിനടത്തുന്ന കാലുമാറ്റങ്ങളും കാരണം സംസ്ഥാനം അപമാനിക്കപ്പെട്ടുവെന്ന് വാദിച്ച എംഎൻഎസ് മേധാവി, വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കണമെന്നും ഓർമ്മപ്പെടുത്തി.
“നിങ്ങളുടെ വിലയേറിയ വോട്ട് ഒരിക്കലും അപമാനിക്കപ്പെടരുത്. മത്സരിക്കുന്ന സ്ഥാനാർത്ഥി മഹാ വികാസ് അഘാഡിയുടെതാണോ (പ്രതിപക്ഷ പാർട്ടികളുടെ) മഹായുതിയുടെ (ഭരണ സഖ്യത്തിൻ്റെ) ഭാഗമാണോ എന്ന് ആർക്കും അറിയില്ല, ” രാജ് പരിഹാസത്തോടെ പറഞ്ഞു.
ഏകനാഥ് ഷിൻഡെ അജിത് പവാറിനെ എതിർത്തിരുന്നെങ്കിലും ബിജെപിക്കൊപ്പം അധികാരത്തിനുവേണ്ടി അദ്ദേഹത്തെ മടിയിലിരുത്തി. ഈ രാഷ്ട്രീയക്കാർ വോട്ടർമാരെ നിസ്സാരമായി കണ്ടു , തങ്ങൾക്ക് ഒരു ദോഷവും വരില്ലെന്ന് അവർക്കു നന്നായി അറിയാം..
“സംസ്ഥാനത്തിൻ്റെ പുരോഗതിക്കായി എംഎൻഎസിന് വോട്ട് ചെയ്യുക,” അദ്ദേഹംആഹ്വാനം ചെയ്തു .2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന വാഗ്ദാനത്തിൽ ബി.ജെ.പി വീഴ്ച വരുത്തിയെന്ന ഉദ്ധവ് താക്കറെയുടെ അവകാശവാദത്തെ കടന്നാക്രമിച്ച എം.എൻ.എസ് മേധാവി, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ എന്തുകൊണ്ടാണ് എതിർക്കാതിരുന്നെന്ന് ചോദിച്ചു.ആ റാലിയിൽ ഉദ്ധവ് താക്കറെ ഉണ്ടായിരുന്നു, എംഎൻഎസ് മേധാവി ചൂണ്ടിക്കാട്ടി.
‘കോൺഗ്രസുമായും (അവിഭക്ത) എൻസിപിയുമായും കൈകോർത്തതിലൂടെ ഉദ്ധവ് താക്കറെ ബാൽ താക്കറെയുടെ ‘ഹിന്ദുഹൃദയ സാമ്രാട്ട്’ എന്ന ആദരവിനെ ഇല്ലാതാക്കി “-രാജ്‌താക്കറെ പറഞ്ഞു. തൻ്റെ സ്ഥാനാർത്ഥികൾ ആർക്കും വിലക്കെടുക്കാൻ കഴിയുന്ന വിൽപ്പന ചരക്കുകളല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
MNS ൻ്റെ സ്ഥാനാർഥികളായ പ്രമോദ് (രാജു) രത്തൻ പാട്ടീൽ (കല്യാൺ റൂറൽ), ഉല്ലാസ് ഭോയർ (കല്യാൺ വെസ്റ്റ്) സംഗീത ചെന്ദ്‌വാങ്കർ (ബദ്‌ലാപൂർ), എന്നിവരും കല്യാൺ ജില്ലാ പ്രസിഡൻ്റ് പ്രകാശ് ഭോയർ, ഡോംബിവ്‌ലി സിറ്റി പ്രസിഡൻ്റ് രാഹുൽ കാമത്ത്,സിറ്റി പ്രസിഡൻ്റ് മന്ദാ പാട്ടീൽ, മുൻ എം.എൽ.എ പ്രകാശ് ഭോയർ, പ്രഹ്ലാദ് മാത്രെ, സുധേഷ് ചുഡ്‌നായിക്, ഹർഷാദ് പാട്ടീൽ, മിലിന്ദ് മ്ഹത്രെ, രാഹുൽ കാമത്ത്, മന്ദാതായ് പാട്ടീൽ, സഞ്ജയ് ദുബെ, യോഗേഷ് പാട്ടീൽ, വിനോദ് പാട്ടീൽ, മങ്കേഷ് ഭാലേറാവു ദീപിക പെഡ്‌നേക്കർ , മറ്റ് പ്രമുഖരും വേദിയിലുണ്ടായിരുന്നു.