ഉദ്ദവിന് പിറന്നാൾ ആശംസകൾ നേർന്ന് രാജ് താക്കറെ : രാജിൻ്റെ ‘മാതോശ്രീ’യിലേയ്ക്കുള്ള മടങ്ങിവരവ് 13 വർഷങ്ങൾക്ക് ശേഷം

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ താക്കറെ സഹോദരന്മാരുടെ അടുപ്പം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ഇന്ന് ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസകൾ നേരാനായി രാജ് താക്കറെ മാതോശ്രീയിൽ എത്തിയപ്പോൾ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഇടനാഴികളിൽ വലിയൊരു ചർച്ചയ്ക്ക് വീണ്ടും തുടക്ക മിടുകയാണ് . രണ്ട് സഹോദരന്മാരുടെയും ഈ ഈ കൂടിക്കാഴ്ച ,ബന്ധത്തിലെ തണുത്തുറഞ്ഞ മഞ്ഞിൻ്റെ ദ്രുതഗതിയിലുള്ള ഉരുകലായി രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നു. അതിലൂടെ എംഎൻഎസും ശിവസേന യുബിടിയും തമ്മിലുള്ള സഖ്യത്തിനുള്ള സാധ്യതയും ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞതായും വിലയിരുത്തപ്പെടുന്നു.
ഏകദേശം 13 വർഷങ്ങൾക്ക് ശേഷമാണ് രാജ് താക്കറെ ,താക്കറെ വസതിയായ ‘മാതോശ്രീ’യിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ശിവസേന യുബിടി മേധാവി ഉദ്ധവ് താക്കറെയും പാർട്ടി എംപി സഞ്ജയ് റാവത്തും രാജ് താക്കറെയെ മാതോശ്രീയുടെ കവാടത്തിൽ പ്രൗഢ ഗംഭീരമായാണ് സ്വാഗതം ചെയ്തത് .രാജ് , ഉദ്ധവിന് ജന്മദിനാശംസകൾ നേർന്ന് പൂച്ചെണ്ട് സമ്മാനിച്ചു.
2005 ൽ, രാജ് താക്കറെ ശിവസേന വിട്ടതിനുശേഷം ഒരിക്കൽ മാത്രം മാതോശ്രീ സന്ദർശിച്ചിരുന്നു . 2012 ൽ ഉദ്ധവ് താക്കറെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നപ്പോൾ ഒരു ദിവസം സുഖവിവരം അന്യേഷിച്ചു മടങ്ങിയതാണ് .
അതുകൊണ്ടുതന്നെ വർഷങ്ങൾക്കു ശേഷമുള്ള ഈ കൂടിക്കാഴ്ച്ച മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഇവർ ഒരുമിച്ചു ചേർന്നുള്ള മുന്നേറ്റത്തിൻ്റെ തയ്യാറെടുപ്പിലാണ് എന്ന സൂചനകൾ നൽകുന്നുണ്ട് .
മഹാരാഷ്ട്രയിലെ മറാത്തി ജനതയുടെ രാഷ്ട്രീയവും ത്രിഭാഷാ നയവുമാണ് രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒന്നിക്കുന്നതിന് വഴിയൊരുക്കിയത്. ‘മറാത്തി മാനുഷ് ‘ വിഷയത്തിൽ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം നിൽക്കുമെന്ന് രാജ് താക്കറെ ഒരു അഭിമുഖത്തിൽ സൂചന നൽകിയിരുന്നു..ഇതിന് ഉദ്ധവ് താക്കറെയും അനുകൂലമായ മറുപടി നൽകി. ഇതിനുശേഷം ഇരു പാർട്ടികളുടെയും വാചാടോപങ്ങൾ കാരണം അൽപ്പം സംശയം ഉയർന്നിരുന്നുവെങ്കിലും, ത്രിഭാഷാ നയത്തെക്കുറിച്ചുള്ള നിലപാടിൽ നിന്ന് സർക്കാർ പിന്മാറുമെന്ന് പ്രഖ്യാപിച്ചപ്പോൾ, ശിവസേന, യുബിടി, എംഎൻഎസ് എന്നിവർ അത് തങ്ങളുടെ വിജയമായി അവതരിപ്പിച്ചു. ഇതിനുശേഷം എംഎൻഎസിന്റെയും ശിവസേന യുബിടിയുടെയും സംയുക്ത റാലി പ്രഖ്യാപിച്ചു.
ജൂലൈ 5 ന് മുംബൈയിൽ 20 വർഷങ്ങൾക്ക് ശേഷം നടന്ന ഈ റാലിയിൽ, സഹോദരന്മാരായ രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ രണ്ട് സഹോദരന്മാരും സഖ്യം രൂപീകരിച്ചേക്കുമെന്ന് തോന്നിയപ്പോൾ, ഒരു സംയുക്ത റാലിയിൽ ഒന്നിച്ചതിന് ശേഷം, ഉദ്ധവ് താക്കറെ നടത്തിയ ചില പരാമർശങ്ങൾ ഇവരുടെ ഐക്യ സാധ്യത ഇല്ലാതാക്കുന്ന തരത്തിലായിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സഖ്യത്തിന്റെ തീരുമാനം സാഹചര്യം നോക്കി മാത്രമേ എടുക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ രാജ് താക്കറെ മാതോശ്രീയിൽ എത്തിയപ്പോൾ എംഎൻഎസും ശിവസേനയും തമ്മിലുള്ള സഖ്യം ആഗ്രഹിക്കുന്ന ഇരു പാർട്ടികളുടെയും പ്രവർത്തകർക്കും പിന്തുണക്കാർക്കും വലിയ ആശ്വാസമായിരിക്കയാണ്.
ഇന്ന് പാർട്ടി എംപി സഞ്ജയ് റാവുത്ത് “എല്ലാവരും ഒരുമിച്ച് “ എന്ന തലക്കെട്ടോടെ പോസ്റ്റിയ ചിത്രങ്ങൾ
ഇരുപാർട്ടികളും ഒന്നാകുന്നു എന്ന സൂചന നൽകുന്നുണ്ട് . ഇരു പാർട്ടികളിലേയും പ്രവർത്തകർ ഈ ചിത്രങ്ങൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹത്തോടൊപ്പം ഒരുമിച്ചു പോരാടുമെന്ന് അറിയിച്ചു.‘നിങ്ങൾ ആരോഗ്യവാനായിരിക്കട്ടെ, ദീർഘായുസ്സ് ഉണ്ടാകട്ടെ, മഹാരാഷ്ട്രയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ഞങ്ങൾ ഒരുമിച്ച് പോരാടും.’ എന്ന് സാമൂഹ്യ മാധ്യമമായ എക്‌സിൽ ഉദ്ദവിന് ആശംസകൾ നേർന്നുകൊണ്ട് രാഹുൽ ഗാന്ധി എഴുതി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനം മുഴുവൻ സ്ഥാനാർത്ഥികളെ നിർത്തിയിട്ടും ഒരിടത്തുപോലും ജയിക്കാൻ സാധിക്കാതെപോയ , രണ്ടാം സ്ഥാനത്തുപോലും കയറിപ്പറ്റാൻ സാധിക്കാത്ത
‘മഹാരാഷ്ട്ര നവനിർമ്മാണ സേന ‘(MNS )എന്ന തൻ്റെ പാർട്ടിയുടെ നിലനിൽപ്പ് ചോദ്യ ചിഹ്നമായി മാറിയിരിക്കയാണ് എന്ന് പാർട്ടി തലവൻ രാജ് താക്കറെയ്ക്ക് അറിയാം. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ, ‘ഭാഷ’യെ ഒരു ടൂൾ ആക്കിയെടുത്ത് വർദ്ദിത വീര്യത്തോടെ ഉദ്ദവുമായി ഐക്യപ്പെടുക എന്നതുമാത്രമാണ് പിടിച്ചുനിൽക്കാനുള്ള ഏക പോംവഴി എന്ന് അദ്ദേഹത്തിന് തോന്നിക്കഴിഞ്ഞിരിക്കുന്നു. ഈ കൂടിക്കാഴ്ച അതിനായുള്ള ‘തറക്കല്ലിടൽ കർമ്മം ‘ കൂടിയാണെന്നും വേണമെങ്കിൽ നമുക്ക് വ്യാഖ്യാനിക്കാം.
MURALI PERALASSERI