നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോടു ചേര്‍ന്ന തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും കിഴക്കന്‍ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 36 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലൂടെ പടിഞ്ഞാറ്‌വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഇന്ന് വൈകുന്നേരം / രാത്രിയോടെ ശ്രീലങ്ക തീരം ഹബന്‍ടോട്ട യ്ക്കും, കാല്‍മുനായിക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കന്‍ കേരളത്തിന് സമീപം തെക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
