ഉഷ്ണതരംഗ സാധ്യത പിൻവലിച്ചതിന് പിന്നാലെ മഴ മുന്നറിപ്പുമായ് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനം.വരും ദിവസങ്ങളിൽ മെയ് 7ന് വയനാടും മെയ് 8ന് മലപ്പുറത്തും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുനുള്ള സാധ്യതയാനുള്ളത്.
ഇന്ന് 11 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്തേക്കാം. മെയ് അഞ്ചിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും മഴ സാധ്യതയുണ്ട്.
മെയ് ആറിന് ഈ അഞ്ച് ജില്ലകള്‍ക്കൊപ്പം കോഴിക്കോടും വയനാടും മഴ പെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മെയ് ഏഴിന് വയനാട്ടിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 13 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും അറിയിപ്പുണ്ട്. മെയ് എട്ടിന് മലപ്പുറത്താണ് യെല്ലോ അലർട്ട്. ബാക്കി എല്ലാ ജില്ലകളിലും നേരിയതോ മിതമായോ ആയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.