ഇനി നാലു മാസമില്ല – റിസർവേഷൻ ബുക്കിങ്ങുകൾക്ക് രണ്ടുമാസം : ഇന്ന് പുതിയ വിജ്ഞാപനമിറക്കി റെയിൽവേ മന്ത്രാലയം
മുംബൈ: 120 ൽ നിന്ന് 60 ദിവസമായി കുറച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ മുൻകൂർ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ മാറ്റി. പുതിയ നിയമങ്ങൾ അനുസരിച്ച്, ട്രെയിൻ പുറപ്പെടുന്നതിന് 60 ദിവസം മുമ്പ് മാത്രമേ യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ്റെ (ഐആർസിടിസി) ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയൂ.നവംബർ 1 മുതൽ ഈ നീക്കം പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം ഒക്ടോബർ 17 വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു.നിലവിലെ 120 ദിവസത്തെ ARP (മുൻകൂർ റിസർവേഷൻ കാലയളവ്) പ്രകാരം ഒക്ടോബർ 31 ന് മുമ്പ് നടത്തിയ ടിക്കറ്റ് ബുക്കിംഗുകൾ സാധുവായി തുടരുമെന്ന് റെയിൽവേ വ്യക്തമാക്കി.
വിജ്ഞാപനമനുസരിച്ച്, താജ് എക്‌സ്പ്രസ്, ഗോമതി എക്‌സ്പ്രസ് തുടങ്ങിയ ചില പ്രതിദിന എക്‌സ്പ്രസ് ട്രെയിനുകളുടെ കാര്യത്തിൽ മാറ്റമൊന്നും ഉണ്ടാകില്ല. കൂടാതെ, വിദേശ വിനോദസഞ്ചാരികൾക്കുള്ള 365 ദിവസത്തെ മുൻകൂർ ബുക്കിംഗ് ഓപ്ഷനിൽ മാറ്റമില്ലെന്നു റെയിൽവേ അറിയിച്ചു. വിദേശ വിനോദസഞ്ചാരികളുടെ 365 ദിവസത്തെ പരിധിയുടെ കാര്യത്തിലും മാറ്റമുണ്ടാവില്ലെന്നും അറിയിപ്പിൽ പറയുന്നു. മുൻകൂർ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനുള്ള പുതിയ നിയമങ്ങൾ ഇതിനകം ബുക്ക് ചെയ്ത ടിക്കറ്റുകളെ ബാധിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.