റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് സുധാകരൻ; സിപിഎം–ബിജെപി സംഘനൃത്തമെന്ന് ഷാഫി

0

 

പാലക്കാട്∙ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അർധരാത്രി റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. കള്ളപ്പണം മുറിയിലുണ്ടെന്ന പരാതി കിട്ടിയിട്ടാണ് അന്വേഷിക്കുന്നതെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. അല്ലാതെയുള്ള അന്വേഷണമാണെന്ന് പിന്നീട് പറഞ്ഞു. പൊലീസുകാരെ തോന്നിയപോലെ കയറൂരി വിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും. റെയ്ഡ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകണം.

അല്ലെങ്കിൽ കോടതിയിൽ പോകും. അന്തസ്സും അഭിമാനബോധവുമില്ലാത്ത തെമ്മാടിത്തമാണ് പൊലീസുകാർ കാണിച്ചത്. ഹോട്ടലിൽ റെയ്ഡ് നടക്കുമ്പോൾ പുറത്ത് സിപിഎമ്മുകാരും ബിജെപിക്കാരും മുദ്രാവാക്യം വിളിക്കുകയായിരുന്നു. അവർക്ക് റെയ്ഡ് വിവരം നേരത്തേ ചോർന്നുകിട്ടി. അതു തന്നെ ആസൂത്രിതമാണെന്നും സുധാകരൻ പറഞ്ഞു. ഹോട്ടലിൽ പണമെത്തിച്ച വിവരം പൊലീസിനു ലഭിച്ചത് എവിടെനിന്നാണെന്ന് ഷാഫി പറമ്പിൽ എംപി ചോദിച്ചു. പാലക്കാട് കണ്ടത് സിപിഎം–ബിജെപി സംഘനൃത്തമാണ്.

കേരളത്തിലെ പൊലീസ് കള്ളൻമാരേക്കാൾ മോശമായ രീതിയിലാണ് പെരുമാറിയത്. ജനങ്ങളോട് ഒന്നും പറയാനില്ലാത്തവർ കോൺഗ്രസ് സ്ഥാനാർഥിയെ സംശയനിഴലിൽ നിർത്താൻ ശ്രമിച്ചു. അതിൽ അവർ ദയനീയമായി പരാജയപ്പെട്ടെന്നും ഷാഫി പറഞ്ഞു. പൊലീസ് നടത്തിയ പാതിരാ റെയ്ഡ് നാടകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

തിരഞ്ഞെടുപ്പുകാലത്ത് പൊലീസ് പരിശോധനകൾ നടത്താറുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ലോക്സഭാ തിര‍ഞ്ഞെടുപ്പു കാലത്ത് മന്ത്രിമാരുടെ വാഹനവും പരിശോധിച്ചു. ഞങ്ങൾ പരാതി പറഞ്ഞില്ല. പരിശോധന സ്വാഭാവികമാണ്. സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. അവരാരും പ്രതിഷേധിച്ചില്ല. പരിശോധന ഇത്ര പുകിലായി മാറ്റേണ്ട കാര്യമെന്താണെന്നും രാജേഷ് ചോദിച്ചു. വോട്ടർമാരെ വിലയ്ക്കു വാങ്ങാൻ യുഡിഎഫ് വ്യാപക ശ്രമം നടത്തുകയാണെന്ന് ബിജെപി നേതാവ് സി.കൃഷ്ണകുമാർ പറഞ്ഞു. യുഡിഎഫ് പരാജയപ്പെടുമെന്ന് മനസ്സിലാക്കി ഏതു വിധേനയും ജയിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *