രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ  നടക്കുമ്പോഴും സർക്കാർ നിശബ്ദ കാഴ്ചക്കാരായി നിൽക്കുകയാണെന്ന് രാഹുൽ ഗാന്ധി 

0

ദില്ലി: ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. വിദ്വേഷം രാഷ്ട്രീയ ആയുധമാക്കി അധികാരത്തിലെത്തിയവർ രാജ്യത്തുടനീളം ഭയം സൃഷ്ടിക്കുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുമ്പോഴും സർക്കാർ നിശബ്ദ കാഴ്ചക്കാരായി നിൽക്കുകയാണെന്ന് ബിജെപിക്കെതിരെ രാഹുൽ ആഞ്ഞടിച്ചു.ആൾക്കൂട്ടത്തിന്‍റെ രൂപത്തിൽ വിദ്വേഷം അഴിച്ചുവിട്ട് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് രാഹുൽ വിമർശിച്ചു. ഇത്തരം ആക്രമണങ്ങൾക്കെതിരെ കർശന നടപടിയെടുക്കണം. രാജ്യത്തിന്‍റെ ഐക്യത്തിനും ഇന്ത്യക്കാരുടെ അവകാശങ്ങൾക്കും നേരെയുള്ള ഏത് ആക്രമണവും ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. അത് വച്ചുപൊറിപ്പിക്കില്ല. ബിജെപി എത്ര ശ്രമിച്ചാലും വിദ്വേഷത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ പോരാട്ടത്തിൽ തങ്ങൾ വിജയിക്കുമെന്നും രാഹുൽ ഗാന്ധി കുറിച്ചു.

അതിനിടെ ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ചു അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവത്തിൽ കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പിടിച്ചെടുത്ത മാംസം പരിശോധനക്കയച്ചെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 27നാണ് ബംഗാൾ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്.ഹരിയനയിലെ ചർഖി ദാദ്രി ജില്ലയിലാണ് ബീഫ് കഴിച്ചെന്നു ആരോപിച്ചു യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. ബംഗാൾ സ്വദേശിയായ സാബിർ മാലിക്കാണ് കൊല്ലപ്പെട്ടത്. ആക്രി പെറുക്കി ജീവിക്കുന്നയാളാണ് സാബിർ. ജോലിക്കായി പോകുന്നതിനിടെ ആൾക്കൂട്ടം തടഞ്ഞു നിർത്തുകയും ബീഫ് കഴിച്ചെന്നാരോപിച്ചു മർദ്ദിക്കുകയും ആയിരുന്നു. സാബിറിന്റെ സുഹൃത്തായ അസം സ്വദേശിക്കും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു. സംഭവം വിവാദമായതോടെ പ്രായപൂർത്തിയാവാത്ത രണ്ടു പേർ അടക്കം 7 പേരെ പോലീസ് പിടികൂടി. സാബിറിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയ മാംസം പരിശോധനക്കായി അയച്ചു. സാബിറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബംഗാളിലേക്ക് കൊണ്ടുപോയി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *