കന്നിയങ്കത്തിൽ കരുത്തറിയിച്ച് രാഹുൽ: രാഹുൽ മാംകൂട്ടത്തിൽ ജയിച്ചു
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷവുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം. പാലക്കാട് നഗരസഭ മേഖലകളിൽ ബിജെപി മുൻ വർഷങ്ങളിൽ നേടി കൊണ്ടിരുന്ന മേൽക്കൈ തകർത്തുകൊണ്ടാണ് രാഹുലിന്റെ വിജയം. 18840 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 6239 വോട്ടിന്റെ ലീഡ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ നിന്ന് ഇ ശ്രീധരൻ നേടിയിരുന്നു എങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങിയിരുന്നു.
5842 വോട്ടുകൾ ആണ് മൂന്നുവർഷം കഴിയുമ്പോൾ ബിജെപിക്ക് നഷ്ടപ്പെട്ടത്. സി കൃഷ്ണകുമാർ തന്നെയായിരുന്നു അന്നും ഇന്നും സ്ഥാനാർത്ഥി. 10000 ത്തിലധികം വോട്ടുകളുടെ കുറവാണ് ഇത്തവണ പാലക്കാട് ബിജെപിക്ക് ഉണ്ടായിട്ടുള്ളത്. വിജയം ഉറപ്പിക്കുന്നതിന് മുൻപ് തന്നെ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന് വി ടി ബൽറാം എംഎൽഎ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ഫേസ്ബുക്കിലൂടെയാണ് വി ടി ബൽറാം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി’ എന്നാണ് ബൽറാമിന്റെ പോസ്റ്റ്.
തൊട്ടുപിന്നാലെ ഷാഫി പറമ്പിൽ രാഹുലിനും ശ്രീകണ്ഠൻ എംപിക്കുമൊപ്പം നിൽക്കുന്ന, തംപ്സ് അപ്പ് അടികുറിപ്പോടെയുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു. പാലക്കാട് എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം അനുഭവപ്പെട്ടിരുന്നുവെന്നും ഇത്തവണ അതില്ലെന്നുമാണ് ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചത്