രാഹുൽ വയനാട്ടിലേക്ക്
ദില്ലി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊറുതുമുട്ടിയ ജനതയുടെ രോഷം അണപൊട്ടിയൊഴുകുമ്പോൾ പ്രതിഷേധം ദേശീയ ശ്രദ്ധയാകർഷിക്കുന്നു. ഒരാഴ്ചക്കിടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ ഇന്ന് നടക്കുന്ന ഹർത്താലിൽ ജനരോഷം ഇരമ്പിയതോടെ വിഷയം വലിയ ചർച്ചയായിട്ടുണ്ട്. ദേശീയ തലത്തിലേക്ക് വിഷയം ഉയർന്നതോടെ സ്ഥലം എം പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും വയനാടൻ ജനതക്കൊപ്പമെത്തും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് പറന്നെത്തുക.
വരാണസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര നിലവിൽ എത്തിനിൽക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വരാണസിയിൽ യാത്ര നിർത്തിവച്ച ശേഷമാകും രാഹുൽ വയനാട്ടിലേക്ക് പുറപ്പെടുകയെന്ന് കോൺഗ്രസ് ദേശീയ വക്താവ് ജയ്റാം രമേശ് അറിയിച്ചു. വയനാട്ടിൽ തന്‍റെ സാന്നിധ്യം അടിയന്തരമായി ആവശ്യമാണെന്ന ബോധ്യമുള്ള രാഹുൽ ഗാന്ധിക്ക് ഇന്ന് വൈകുന്നേരം 5 മണിക്ക് വാരണാസിയിൽ നിന്ന് വയനാട്ടിലേക്ക് പുറപ്പെടുമെന്നാണ് ജയ്റാം രമേശ് പറഞ്ഞത്. നാളെ ഉച്ചവരെ വയനാട്ടിൽ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി 3 മണിക്ക് പ്രയാഗ്‌രാജിലേക്ക് രാഹുൽ തിരിച്ചെത്തും.