‘കേരളം മിനി പാകിസ്താൻ, രാഹുലിനും പ്രിയങ്കയ്ക്കും തീവ്രവാദികൾ വോട്ട് ചെയ്യുന്നു’; മന്ത്രി നിതീഷ് റാണെ

പൂനെ: കേരളം മിനി പാകിസ്താനാണെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ. കേരളം മിനി പാകിസ്താനായതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത്. എല്ലാ തീവ്രവാദികളും അവർക്ക് വോട്ട് ചെയ്യുന്നുവെന്നും നിതീഷ് റാണെ അധിക്ഷേപിച്ചു. പൂനെയിൽ ശിവപ്രതാപ് ദിന അനുസ്മരണ പരിപാടിക്കിടെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. കേന്ദമന്ത്രി നാരായൺ റാണെയുടെ മകനാണ് നിതീഷ് റാണെ.
റാണെയുടെ പരാമർശത്തെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് നിശിത വിമർശനത്തിനും മഹാരാഷ്ട്ര മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യത്തിനും ഇടയാക്കിയിട്ടുണ്ട്.
കോൺഗ്രസ്, ശിവസേന (യുബിടി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിലെ നേതാക്കൾ പ്രസ്താവനകളെ “ഭരണഘടനാവിരുദ്ധവും” ഭിന്നിപ്പിക്കുന്നതുമാണെന്ന് അപലപിച്ചു . ഒരു ഇന്ത്യൻ സംസ്ഥാനത്തെ പാകിസ്ഥാനെന്നും അതിലെ വോട്ടർമാരെ ഭീകരരെന്നും മുദ്രകുത്തുന്ന ഒരാൾക്ക് എങ്ങനെയാണ് മന്ത്രിസഭയിൽ തുടരാനാവുകയെന്ന് കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ പറഞ്ഞു. ഇത് ഇന്ത്യയുടെ ഐക്യവും പരമാധികാരവും ഉയർത്തിപ്പിടിക്കുന്ന തൻ്റെ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.