രാഹുലിനെ ടീമിൽനിന്ന് പുറത്താക്കില്ല, ഇതൊന്നും തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ല: തുറന്നടിച്ച് ഗംഭീർ
പുണെ∙ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ടതിന്റെ പേരിൽ കെ.എൽ. രാഹുലിനെ പുറത്താക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. സമൂഹമാധ്യമങ്ങളിൽ പല ചർച്ചകളും നടക്കുമെന്നും ടീം തിരഞ്ഞെടുപ്പിൽ അതൊന്നും ഒരു ശതമാനം പോലും സ്വാധീനം ചെലുത്തില്ലെന്നും ഗംഭീർ വ്യക്തമാക്കി. ഇന്ത്യ എട്ടു വിക്കറ്റിനു തോറ്റ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ രാഹുൽ പൂജ്യത്തിനും രണ്ടാം ഇന്നിങ്സിൽ 12 റൺസിനും പുറത്തായിരുന്നു. ഇതിന്റെ പേരിൽ രാഹുലിനെ ടീമിൽനിന്ന് മാറ്റിനിർത്തില്ലെന്ന് ഗംഭീർ പ്രഖ്യാപിച്ചു.
ശുഭ്മൻ ഗിൽ തിരിച്ചെത്തുന്ന സാഹചര്യത്തിൽ രാഹുലിനെ ടീമിൽനിന്ന് മാറ്റിനിർത്തണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ഉന്നയിച്ചിരുന്നു. ഒന്നാം ടെസ്റ്റിൽ സെഞ്ചറി നേടിയ യുവതാരം സർഫറാസ് ഖാനെ നിലനിർത്തി, രാഹുലിനെ മാറ്റണമെന്നായിരുന്നു ആവശ്യം. ഈ സാഹചര്യത്തിലാണ്, ടീം മാനേജ്മെന്റ് രാഹുലിനെ പിന്തുണയ്ക്കുന്നുവെന്ന ഗംഭീറിന്റെ പ്രസ്താവന.‘‘സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ ചെറിയ ശതമാനം പോലും ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല.
ടീം മാനേജ്മെന്റും ടീമിലെ നേതൃ ഗ്രൂപ്പും എന്തു ചിന്തിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. രാഹുൽ വളരെ നന്നായിത്തന്നെ ബാറ്റ് ചെയ്യുന്നുണ്ട്. കാൻപുരിൽ ബംഗ്ലദേശിനെതിരെ ബുദ്ധിമുട്ടേറിയ വിക്കറ്റിൽ അദ്ദേഹത്തിന്റെ ബാറ്റിങ് നാം കണ്ടതാണ്’ – ഗംഭീർ പറഞ്ഞു.‘‘വലിയ സ്കോറുകൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാഹുലിന് ബോധ്യമുണ്ടെന്ന് എനിക്കുറപ്പുണ്ട്. അതിന് കെൽപുള്ള താരവുമാണ് രാഹുൽ. അതുകൊണ്ടാണ് അദ്ദേഹത്തെ ടീം ഒന്നടങ്കം പിന്താങ്ങുന്നത്.
ആത്യന്തികമായി എല്ലാവരുടെയും പ്രകടനം വിലയിരുത്തപ്പെടുമല്ലോ. രാജ്യാന്തര ക്രിക്കറ്റ് എന്നാൽ ഇത്തരം വിലയിരുത്തലുകൾ കൂടി ഉൾപ്പെടുന്നതാണ്’ – ഗംഭീർ പറഞ്ഞു.ഒന്നാം ടെസ്റ്റിൽ ഇന്ത്യയേക്കാൾ മികച്ച പ്രകടനമാണ് ന്യൂസീലൻഡ് താരങ്ങൾ പുറത്തെടുത്തതെന്ന് ഗംഭീർ അംഗീകരിച്ചു. ‘‘ക്രിക്കറ്റും കായികമേഖലയും എല്ലാവർക്കും അവസരങ്ങൾ ഉറപ്പുനൽകുന്നുണ്ട്. കാൻപുരിലെ വിജയം നാം ആഘോഷിക്കുന്നുണ്ടെങ്കിൽ ബെംഗളൂരുവിലെ തോൽവികളും അംഗീകരിച്ചേ മതിയാകൂ’ – ഗംഭീർ പറഞ്ഞു.