രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേയും യുആര്‍ പ്രദീപിന്‍റെയും സത്യപ്രതിജ്ഞ നടന്നു
തിരുവനന്തപുരം :പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, യുആര്‍ പ്രദീപ് എന്നിവർ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്‌തു . നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കര നാരായണന്‍ തമ്പി ലോഞ്ചില്‍ ഉച്ചയ്ക്ക് 12 മണിക്കു നടന്ന ചടങ്ങിൽ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ ഇരുവര്‍ക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു . ഷാഫി പറമ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ലോക്‌സഭയിലെത്തിയ ഒഴിവിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചത്. രാഹുല്‍ ഇതാദ്യമായാണ് നിയമസഭയിലെത്തുന്നത്. മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണന്‍ ആലത്തൂരില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ ഒഴിവിലാണ് ചേലക്കരയില്‍ യു ആര്‍ പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചത്. ഇത് രണ്ടാം തവണയാണ് പ്രദീപ് നിയമസഭാംഗമാകുന്നത്. 2016 ല്‍ ചേലക്കരയില്‍ നിന്ന് കന്നിയങ്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രദീപ് വിജയിച്ചിരുന്നു.
എന്നാല്‍ 2021 ല്‍ കെ രാധാകൃഷ്‌ണന് വേണ്ടി പ്രദീപ് മാറി നില്‍ക്കുകയായിരുന്നു. 12,220 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തി പ്രദീപ് വിജയിച്ചത്. 2016ല്‍ കന്നിയങ്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും പാലക്കാട് എംപി വികെ ശ്രീകണ്‌ഠന്‍റെ ഭാര്യയുമായ തുളസിയെ 10,200 വോട്ടുകള്‍ക്കാണ് പ്രദീപ് പരാജയപ്പെടുത്തിയത്.
2016 ലെ ഭൂരിപക്ഷം പ്രദീപ് ഉപതെരഞ്ഞെടുപ്പില്‍ മറികടക്കുകയായിരുന്നു. പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന 18,724 എന്ന ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കന്നിയങ്കത്തില്‍ വിജയിക്കുന്നത്.
പതിനഞ്ചാം നിയമ സഭയില്‍ ഉപതെരഞ്ഞെടുപ്പിലൂടെ എംഎല്‍എമാരായവര്‍
തൃക്കാക്കരയില്‍ എംഎല്‍എ ആയിരുന്ന പിടി തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ഉമാ തോമസ് 2022 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇപ്പോഴത്തെ പതിനഞ്ചാം നിയമസഭയില്‍ അംഗമായി.
2023 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ ചാണ്ടി ഉമ്മന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇതേ നിയമസഭയില്‍ അംഗമായി. ഇതിന് പിന്നാലെയാണ് രണ്ട് നിയമസഭാംഗങ്ങള്‍ ലോക്‌സഭയിലേക്ക് പോയ ഒഴിവില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ പതിനഞ്ചാം നിയമസഭയില്‍ ഉപതെരഞ്ഞെടുപ്പിലൂടെ എംഎല്‍എ ആയവരുടെ എണ്ണം നാലായി.