നിങ്ങൾ ഓരോരുത്തർക്കും വേണ്ടി ഞാൻ എപ്പോഴും ഉണ്ടാകും: വയനാട്ടുകാർക്ക് രാഹുലിന്റെ കത്ത്
ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കത്തെഴുതി രാഹുല്‍ഗാന്ധി. തനിക്ക് സങ്കടമുണ്ട്, ഏറ്റവും ആവശ്യമുള്ളപ്പോള്‍ നിങ്ങളെനിക്ക് സംരക്ഷണം നല്‍കി ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും തുടര്‍ന്നും കൂടെയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നു. വയനാടിനെ പ്രതിനിധീകരിക്കാൻ തന്റെ സഹോദരിയായ പ്രിയങ്ക ഗാന്ധി ഉണ്ടാകും, എം.പി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കുമെന്ന് തനിക്കു ഉറപ്പുണ്ടെന്നും രാഹുൽ കത്തിൽ പറഞ്ഞു. തനിക്ക് നൽകിയ സ്‌നേഹം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും താൻ അധിക്ഷേപം നേരിട്ടപ്പോൾ വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹം തന്നെ സംരക്ഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ അഭ്യര്‍ഥിച്ച് അഞ്ചുവര്‍ഷം മുന്‍പ് നിങ്ങളുടെ മുന്‍പിലേക്ക് വരുമ്പോള്‍ താന്‍ അപരിചിതനായിരുന്നുവെന്നും എന്നിട്ടും തന്നെ വയനാട്ടിലെ ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തണച്ചുവെന്നും രാഹുല്‍ കത്തില്‍ പറയുന്നു. അവാച്യമായ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങളെന്നെ സ്വീകരിച്ചു. നിങ്ങള്‍ ഏത് രാഷ്‌ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏത് സമുദായത്തില്‍ നിന്നുള്ളയാളാണെന്നോ, ഏത് മതത്തില്‍ വിശ്വസിച്ചെന്നോ, ഏത് ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്‌നമായിരുന്നില്ല. രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും തന്നെ ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
തന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങള്‍. തന്റെ പോരാട്ടത്തിന്റെ ഊര്‍ജ്ജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടുവെന്നും അദ്ദേഹം എഴുതി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിനു പുറമേ യുപിയിലെ റായ്ബറേലിയിൽ നിന്നും രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷം വയാനാട്ടിൽ നിന്ന് രാജി വെച്ച് രാഹുൽ റായ്ബറേലിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. വയനാട്ടിൽ നടക്കുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയാണ് യു.ഡി.എഫ് സ്ഥാനാർഥി