ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പതാകയില്ലാ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതപൂർവം
വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ, കോൺഗ്രസ് പതാകയില്ലാതെ. ഇതാദ്യമായാകും ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ജാഥയിൽ, പ്രത്യേകിച്ച് ദേശീയ നേതാവ് പങ്കെടുക്കുന്ന റാലിയിൽ പാർട്ടി പതാകയുടെ സാനിധ്യമില്ലാത്തത്.സുൽത്താൻ ബത്തേരിയിൽ ആവേശം വിതറിക്കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണത്തിൽ, അഞ്ചിടങ്ങളിലായിരുന്നു ഇന്ന് റോഡ് ഷോ. വൻ ജനാരവങ്ങൾക്കിട ഓപ്പൺ റൂഫ് വാഹനത്തിൽ ജനങ്ങളോട് കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധി വോട്ട് അഭ്യർത്ഥിച്ചപ്പോൾ നിരത്തുകളിലോ, പ്രവർത്തകരുടെ കൈയിലോ വാഹനത്തിലോ, പേരിനൊരു കോൺഗ്രസ് കൊടി പോലും ഉണ്ടായിരുന്നില്ല കാണാൻ. കൊടിക്ക് പകരം രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതിച്ച പ്ലകാടുകളായിരുന്നു ജാഥയിൽ ഉടനീളം ഉണ്ടായിരുന്നത്. കോൺഗ്രസ് കോടികൾ മാത്രമല്ല, ലീഗിന്റെ കൊടികളും റാലിയിൽ ഇല്ലായിരുന്നുവെന്നത് ശ്രദ്ദേയം.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയപ്പോൾ ഉണ്ടായിരുന്ന അന്നത്തെ കാഴ്ചകളിൽ നിന്നും വിത്യസ്തമായിരുന്നു ഇന്നത്തെ കാഴ്ച. 2019 ഏപ്രിൽ 3ന് അന്ന് രാഹുൽ ഗാന്ധി വയനാട്ടിലെത്തുമ്പോൾ കോൺഗ്രസ് പതാകകളേക്കാൾ ലീഗ് കൊടികളായിരുന്നു ഒരുപടി മുന്നിൽ. ഈ ദൃശ്യങ്ങൾ കോൺഗ്രസിനെതിരെ തന്നെ വ്യാജ തലക്കെട്ടോടെ ഉത്തരേന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നു. കോൺഗ്രസ് റാലിയിൽ പാകിസ്താൻ പതാകയാണ് ഉപയോഗിച്ചതെന്ന് ചൊല്ലിയാരുന്നു അന്നത്തെ പ്രചാരണം. ഇതുകൊണ്ടാണ് കോൺഗ്രസിന് അമേഠിയിൽ തോൽവി നേരിട്ടതെന്നും പ്രചരിച്ചിരുന്നു.
എന്നാൽ ഇത്തവണ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലിയിൽ കോൺഗ്രസിന്റേയോ ലീഗിന്റേയോ പതാക ഉപയോഗിക്കേണ്ടതില്ലെന്ന് കെപിസിസി ആക്ടിംഗ് ചീഫ് എം.എം ഹസൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. തീരുമാനത്തിന് പിന്നിലെ കാരണം ബോധിപ്പിക്കേണ്ടതില്ലെന്നായിരുന്നു പാർട്ടിയുടെ നിലപാട്.കോൺഗ്രസിന്റെ ഈ തീരുമാനം ആയുധമാക്കിയിരിക്കുകയാണ് എൽഡിഎഫും എൻഡിഎയും. യുഡിഎഫ് റാലിയിൽ ലീഗിന്റെ കൊടി ഉപയോഗിച്ചാൽ, ബിജെപി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത് പ്രചാരണായുധമാക്കുമോയെന്ന പേടിയാണ് പതാക ഒഴിവാക്കാൻ കാരണമെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.