രാഹുൽ ഗാന്ധിയുമായി ചർച്ച വിനേഷ് ഫോഗട്ടും ബജ്‍രങ് പൂനിയയും കോൺഗ്രസ് സ്ഥാനാർഥികളാകും?

0

 

ന്യൂഡൽഹി∙ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രങ് പൂനിയയും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ഇരുവരും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് സ്ഥാനാർഥികളായി ഗുസ്തി താരങ്ങള്‍ രംഗത്തിറങ്ങുമെന്ന സൂചനകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്നത്. പാരിസ് ഒളിംപിക്സിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ വിനേഷ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുമായും ചര്‍ച്ച നടത്തിയിരുന്നു.

താൽപര്യമുള്ള എല്ലാവർക്കും കോണ്‍ഗ്രസ് പാർട്ടിയിൽ ചേരാമെന്നായിരുന്നു ഭൂപീന്ദർ ഹൂഡ ഇതേക്കുറിച്ചു പ്രതികരിച്ചത്. ‘‘ഒരു അത്‍ലീറ്റ് ഒരു രാഷ്ട്രീയ കക്ഷിയുടേയോ, സംസ്ഥാനത്തിന്റെയോ സ്വന്തമല്ല. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ സ്വന്തമാണ്. പാർട്ടിയില്‍ ചേരണോയെന്നത് വിനേഷ് ഫോഗട്ടിന്റെ തീരുമാനമാണ്. കോൺഗ്രസ് പാർട്ടിയിലേക്ക് ആരു വന്നാലും സ്വീകരിക്കും. അത് വിനേഷ് ഫോഗട്ടിന്റെ മാത്രം താൽപര്യമാണ്.’’– ഭൂപീന്ദർ ഹൂഡ വ്യക്തമാക്കി.

പാരിസ് ഒളിംപിക്സിൽ‌ 50 കിലോ വനിതാ ഗുസ്തിയിൽ ഫൈനൽ വരെയെത്തിയ വിനേഷ് ഫോഗട്ടിനെ സ്വര്‍ണ മെ‍ഡൽ പോരാട്ടത്തിനു തൊട്ടുമുൻപ് അയോഗ്യയാക്കിയിരുന്നു. ശരീര ഭാരം കൂടിയതിന്റെ പേരിലാണ് താരത്തെ മാറ്റിനിർത്തിയത്. വെള്ളി മെഡൽ നൽകണമെന്ന ആവശ്യവുമായി വിനേഷ് രാജ്യാന്തര കായിക കോടതിയിൽ അപ്പീൽ പോയെങ്കിലും താരത്തിന്റെ ആവശ്യം തള്ളുകയായിരുന്നു.

ഇന്ത്യയിൽ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് വൻ സ്വീകരണമായിരുന്നു ഡൽഹി വിമാനത്താവളത്തില്‍ ലഭിച്ചത്. നാട്ടുകാർക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളും വിനേഷിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഹരിയാനയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സ്വീകരണ പരിപാടികളിലും വിനേഷിനെ കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശം ചർച്ചയാകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *