ആശയപരമായ അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ എൽഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങളാണ്’; രാഹുൽ ഗാന്ധി
മലപ്പുറം: ആശയത്തിന്റെ കാര്യത്തിൽ എൽഡിഎഫിനോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് രാഹുൽ ഗാന്ധി മലപ്പുറത്ത്. ആശയത്തിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൽ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ തന്നെയെന്ന് രാഹുൽ ഗാന്ധി. വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ട് തേടി മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോയിലാണ് യുഡിഎഫ് വയനാട് സ്ഥാനാർഥി രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി.
പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ശ്രമിക്കുന്നു, രാജ്യത്തിന്റെ അടിത്തറ ഭരണഘടനയാണ്, ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആർഎസ്എസും ചേർന്ന് ഭരണഘടനയെ ആക്രമിക്കുന്നു, തകർക്കാൻ നോക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്നു ഒരു ധാരണയും ഇല്ലെന്നും രാഹുൽ പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി മോദി നാടകങ്ങൾ നടത്തുകയാണ്. ഇടയ്ക്ക് പുഴയിൽ കുളിക്കും, ഇടയ്ക്ക് സമുദ്രത്തിൽ ഇറങ്ങും, അങ്ങനെ എന്തൊക്കയോ ആണ് മോദി ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചു.
മോദി എന്ത് പറഞ്ഞാലും ഇവിടത്തെ മാധ്യമങ്ങൾ അദ്ദേഹത്തെ പുകഴ്ത്തും. ഇന്ത്യയിലെ പ്രധാന വിഷയങ്ങൾ മാധ്യമങ്ങൾ കാണുന്നില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാധ്യമങ്ങൾ മിണ്ടാതിരിക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.നീതി രാഹിത്യം നിലനിൽക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.