രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്: എഫ്‌ഐആര്‍ സമര്‍പ്പിച്ച്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എഫ്‌ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ കേസുകളാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പേരുടെ പരാതികളില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ് 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് കരുതപ്പെടുന്ന ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്നടക്കം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.