രാഹുലിനെ ഉടൻ പുറത്താക്കണം : ഹൈക്കമാൻഡിന് ചെന്നിത്തലയുടെ സന്ദേശം

തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും ഉടന്‍ പുറത്താക്കണമെന്ന് ഹൈക്കമാന്‍ഡിന് രമേശ് ചെന്നിത്തലയുടെ സന്ദേശം. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയോടാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തര നടപടി സ്വീകരിക്കണം. ഇനിയും നടപടി വൈകിയാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമാകുമെന്നും ചെന്നിത്തല സന്ദേശത്തില്‍ ദീപാ ദാസ് മുന്‍ഷിയെ അറിയിച്ചു.
നടപടി വൈകുംതോറും പാര്‍ട്ടിക്ക് പ്രതികൂലമായി മാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഗുരുതര ശബ്ദ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് അച്ചട്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ശരിയോ തെറ്റോ എന്ന് നേതൃത്വം വിലയിരുത്തും. ഒന്നിലേറെ പരാതികള്‍ ഉണ്ടെങ്കില്‍ അതെല്ലാം പാര്‍ട്ടി വളരെ ഗൗരവത്തോടെ എടുക്കുമെന്നും കെ സുധാകരന് പറഞ്ഞു. അതേസമയം വിഷയത്തോട് പ്രതികരിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കൂട്ടാക്കിയില്ല.