“ആർ . ബിന്ദു ഒരു വനിതാ മന്ത്രി ആയിരുന്നിട്ടുപോലും തങ്ങളെ കാണാൻ വന്നില്ല “: ആശാ വർക്കർമാർ

തിരുവനന്തപുരം :സിപിഐഎം നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായിആശാവർക്കർമാർ . തങ്ങള്‍ക്ക് നട്ടെല്ലുണ്ടെന്ന് കേന്ദ്ര മന്ത്രിക്ക് ആദ്യ ദിവസം വന്നപ്പോള്‍ തന്നെ മനസിലായതാണ്. രണ്ട് മിനുട്ട് നടന്നാല്‍ മന്ത്രി ആര്‍ ബിന്ദുവിന് സമരം ചെയ്യുന്ന ആശമാരോട് ആവശ്യങ്ങള്‍ നേരിട്ട് ചോദിക്കാമായിരുന്നെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു.കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണമെന്നാണ് മന്ത്രി ആര്‍ ബിന്ദു വിമര്‍ശിച്ചത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി വന്നപ്പോള്‍ മണി മുറ്റത്താവണി പന്തല്‍ പാട്ട് പാടി, അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ഒന്നും ഇല്ല. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. ആശമാരുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പ്രതികരിച്ചു. മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പുറകെ പോകുന്നുവെന്നും നല്ല വാര്‍ത്തകള്‍ കൊടുക്കണമെന്നും മന്ത്രി ഉപദേശിച്ചു. ഈ പ്രസ്താവനയിലാണ് ആശമാരുടെ മറുപടി. സെക്രട്ടറിയേറ്റിലുള്ള മന്ത്രി വനിത ആയിരിന്നിട്ട് പോലും തങ്ങളെ കാണാന്‍ ഒന്ന് വന്നില്ല. നേരിട്ട് വന്നിരുന്നെങ്കില്‍ പരിഹസിക്കുന്ന മന്ത്രിക്ക് ഞങ്ങളുടെ അവസ്ഥ ബോധ്യമാകുമായിരുന്നു – ആശമാര്‍ വ്യക്തമാക്കി.ആവശ്യമുള്ള കാര്യങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് സമയാസമയം കൈപറ്റുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍. അപ്പോള്‍ അവര്‍ അത് ചെയ്യണം. ആക്ഷേപവും പരിഹാസവും തുടര്‍ന്നോളൂ. അത് ജനങ്ങള്‍ വിലയിരുത്തിക്കൊള്ളൂം – സമരക്കാര്‍ വ്യക്തമാക്കി.
കേരളത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ആസൂത്രിതമായി നടക്കുന്ന സമരമാണിതെന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ വിമര്‍ശനം. ചിലരുടെ കയ്യിലെ പാവയായി തീരാതിരിക്കാന്‍ ആശമാര്‍ ശ്രദ്ധിക്കണമെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. കേരളം സാമ്പത്തികമായി ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ്. ഇത്തരത്തില്‍ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ അതിനുമേലെ ഒരു പ്രതിസന്ധി കൂടി സൃഷ്ടിച്ചെടുക്കാനും ജനങ്ങളില്‍ അസംതൃപ്തി പടര്‍ത്താനും ആസൂത്രിതമായി നടത്തുന്ന സമരമാണ് ഇപ്പോള്‍ ആശാ വര്‍ക്കര്‍മാരുടെ പേരില്‍ നടക്കുന്നത്. – അദ്ദേഹം പറഞ്ഞു. നാളെയാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ ആശമാരുടെ കൂട്ട ഉപവാസ സമരം.