എലിസബത്ത് രാജ്ഞിയുടെ വിവാഹകേക്കിലെ ഒരു കഷ്ണം വര്‍ഷങ്ങള്‍ക്കിപ്പുറം ലേലത്തില്‍
എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹദിനത്തിൽ മുറിച്ച കേക്കിന്റെ കഷണം ലേലത്തിൽ വിറ്റു. വിവാഹചടങ്ങിന്റെ ഭാഗമായ കേക്കിന്റെ കഷ്ണം 77 വർഷങ്ങൾക്കിപ്പുറമാണ് ലേലത്തിൽ വിറ്റത്. സ്കോട്ട്‌ലാൻഡിലെ ഒരു വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ് കേക്ക് കഷണം കണ്ടെത്തിയത്.
1947 നവംബർ 20നായിരുന്നു എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹം. വെസ്റ്റ് മിനിസ്റ്റർ ആബിയിലെത്തിയ അതിഥികൾക്ക് വിളമ്പിയ കേക്കിന്റെ ഒരു കഷണമാണ് 2 ലക്ഷം രൂപയ്ക്ക് (2200 യൂറോ) വിറ്റു പോയത്. 500 യൂറോ(54000 രൂപ) ആയിരുന്നു ലേലത്തിൽ കേക്ക് കഷണത്തിന്റെ മതിപ്പുവില. കേക്ക് കഷണം ഇനി കഴിക്കാനാകില്ലെങ്കിലും വളരെ സൂക്ഷ്മമായി അതിന്റെ യഥാർഥ പെട്ടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ചൈനയിൽ നിന്നുള്ള ആളാണ് കേക്കിന്റെ കഷണം ലേലത്തിൽ വാങ്ങിയത്.
കൊട്ടാരത്തിലെ ജോലിക്കാരിയായിരുന്ന മാരിയൺ പോൾസണിണിന്റെ സേവനങ്ങൾക്കുള്ള നന്ദി സൂചകമായാണ് ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും പ്രത്യേക സമ്മാനമായി കേക്ക് കഷണം അയച്ചത്. 1980ൽ മരിക്കുന്നതു വരെ മാരിയൺ പോൾസൺ കേക്ക് കഷണം സൂക്ഷിച്ചു വച്ചു. മാരിയൺ പോൾസിന്റെ കട്ടിലിനടിയിൽ നിന്നാണ് കേക്കിന്റെ കഷണം കണ്ടെത്തിയത്. ഒപ്പം എലിസബത്ത് രാജ്ഞി പോൾസണിനെഴുതിയ ഒരു കത്തും കണ്ടെത്തിയിരുന്നു.
പോൾസണിന്റെ ‘ഡെസേർട്ട് സർവീസി’നെ പ്രശംസിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്. പോൾസണിന്റെ സേവനത്തില്‍ രാജകുടുംബം സംതൃപ്തിയും അറിയിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയുംവിവാഹ കേക്കിന് ഒൻപത് അടിയോളം ഉയരമുണ്ടായിരുന്നു. നാല് തട്ടുകളുള്ള കേക്ക് ദീർഘകാലം സൂക്ഷിച്ചു വയ്ക്കുന്നതിനായി വീഞ്ഞ് ചേർത്തായിരുന്നു ഉണ്ടാക്കിയത്