ആയുധക്കടത്ത് സംഘത്തെ ഖത്തർ സുരക്ഷാ സേന പിടികൂടി

ദോഹ: രാജ്യത്തേക്ക് വൻ തോതിൽ ആയുധങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഖത്തർ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൗരന്മാർ ഉൾപ്പെടെ അഞ്ച് പേരെ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ആയുധങ്ങൾ നിയമവിരുദ്ധമായി രാജ്യത്ത് എത്തിച്ച ശേഷം വിൽപ്പന നടത്താനായിരുന്നു സംഘത്തിന്റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ച അന്ന് മുതൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ആയുധക്കടത്ത് സംഘത്തെ അധികൃതർ കണ്ടെത്തി.
ഇവരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നീരീക്ഷിച്ചു വരുകയും ചെയ്തു. ഏറ്റവും ഒടുവിൽ ആയുധങ്ങൾ രാജ്യത്ത് എത്തിയ സമയം തന്നെ സുരക്ഷാ സേന ഇവരുടെ സങ്കേതം വളയുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.