കേൾക്കാത്ത കാര്യം പറയാൻ പറ്റില്ല’ ‘മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടിട്ടില്ല, – പി.വി. അൻവർ
മലപ്പുറം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ടിട്ടില്ലെന്നും കേള്‍ക്കാത്ത കാര്യം തനിക്ക് പറയാന്‍ പറ്റില്ലെന്നും പി.വി. അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോളാണ് പി.വി. അന്‍വര്‍ ഇങ്ങനെ പറഞ്ഞത്. വൈകീട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
പി.വി. അന്‍വറിനെ തള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ സംരക്ഷിച്ചുമാണ് മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഒരു തെറ്റും അദ്ദേഹത്തിന്റെ പക്കലില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. അദ്ദേഹത്തിനെതിരേ ആരുപറഞ്ഞാലും അതെല്ലാം തള്ളിക്കളയുമെന്നും ഒരു പരിശോധനയും അദ്ദേഹത്തിന്റെ കാര്യത്തില്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്‍വറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് അദ്ദേഹം ഇരിക്കുന്നത്. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശിയല്ല മറ്റാര്‍ക്കും ആ ഓഫീസില്‍ ഇരിക്കാനാകില്ല. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല. അത് ചെയ്യാത്തതിലുള്ള വിരോധംവെച്ച് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ അത്തരം ആളുകളെ മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അന്‍വര്‍ തുടര്‍ച്ചയായി പത്രസമ്മേളനം വിളിച്ചതിനെയും ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് പരസ്യമാക്കിയതിനെയും രൂക്ഷമായഭാഷയിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. അന്‍വറിന്റെ പശ്ചാത്തലം ഇടത് പശ്ചാത്തലമല്ലെന്നും അന്‍വര്‍ വന്നവഴി കോണ്‍ഗ്രസിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ഒരുമണിക്കൂര്‍ മുന്‍പാണ് പി.വി. അന്‍വര്‍ പി.ശശിക്കും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനും എതിരേ ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. പി. ശശിക്ക് വേറെ അജണ്ടയുണ്ടോ എന്നത് പരിശോധിക്കണമെന്നും പോലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ ആള്‍ക്കെതിരേ നിയമനടപടിക്ക് പോയപ്പോള്‍ അതിന് തടയിട്ടവരാണ് പി.ശശിയും അജിത്കുമാറും എന്നും അന്‍വര്‍ ആരോപിച്ചിരുന്നു. കോടികള്‍ വാങ്ങിയാണ് അതിന് തടയിട്ടത്. അതില്‍ ശശിക്ക് എന്തെങ്കിലും കിട്ടിയോ എന്ന് തനിക്കറിയില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണെന്നും പി.വി. അന്‍വര്‍ പറഞ്ഞിരുന്നു.