പുതുപ്പള്ളി സാധു: ശാന്തൻ; പക്ഷേ, ആഘോഷങ്ങളിലെ ആവേശം; ‘സർട്ടിഫിക്കറ്റ്’ കിട്ടിയ നടൻ
കോട്ടയം ∙ പേര് സാധു. ശാന്തനാണ്. പക്ഷേ, ആഘോഷങ്ങളിൽ കാണികളെ ആവേശത്തിലാക്കുന്ന കൊമ്പനാണു പുതുപ്പള്ളി സാധു. സിനിമ അഭിനയവും കമ്പമാണ്. തമിഴ് സിനിമകളിൽ ‘മുഖം’ കാണിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്നതിനു സർട്ടിഫിക്കറ്റ് കിട്ടിയ ചുരുക്കം ആനകളിൽ ഒന്നാണ്. വനംവകുപ്പിന്റെ സമ്മതപത്രം ലഭിച്ചാലേ ആനകളെ സിനിമയിൽ അഭിനയിപ്പിക്കാനാകൂ.പുതുപ്പള്ളി കൈതേപ്പാലം പാപ്പാലപ്പറമ്പ് പോത്തൻ വർഗീസാണ് ആനയുടെ ഉടമ. അസമിൽനിന്നു കൊണ്ടുവന്ന ആനയാണ്. അവിടെ കാട്ടിലായിരുന്നു വാസം. ആദ്യമായി ആനയെ കാണാൻ പോയ അവസരത്തിൽ, കാട്ടിലായിരുന്നതിനാൽ സാധുവിനെ കാണാൻ കഴിഞ്ഞില്ലെന്ന് പോത്തൻ വർഗീസ് പറയുന്നു.
അവിടെ തങ്ങി പിറ്റേദിവസമാണ് പഴയ ഉടമകളോടൊപ്പം ആനയെ കണ്ടത്.കാട് ഏറെ പരിചിതമായതിനാൽ അപകടമൊന്നും കൂടാതെ സാധു തിരിച്ചെത്തുമെന്നാണ് ആനപ്രേമികളുടെ പ്രതീക്ഷ. തിരുനക്കര പൂരം ഉൾപ്പെടെ ജില്ലയിലെ മിക്ക ഉത്സവങ്ങൾക്കും തലയെടുപ്പോടെ എത്താറുള്ള ആനയാണ്.തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ട നായകനായ സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ചപ്പോഴാണ് സാധു ഇടഞ്ഞോടി കാടുകയറിയത്.കോതമംഗലം തുണ്ടത്തിൽ വനമേഖലയിലെ ഭൂതത്താൻകെട്ട് മാതൃകാ ഫോറസ്റ്റ് സ്റ്റേഷനു സമീപമാണ് സംഭവം.
തടത്താവിള മണികണ്ഠൻ എന്ന ആനയുമായി കൊമ്പുകോർത്തതിനെ തുടർന്നാണ് സാധു ഉൾവനത്തിലേക്ക് ഓടിപ്പോയത്.വെള്ളിയാഴ്ച വൈകിട്ടു നാലു മണിയോടെ ഷൂട്ടിങ് പായ്ക് അപ് ആയ ശേഷം ആനകളെ ലോറിയിൽ കയറ്റുന്നതിനിടെ പുതുപ്പള്ളി സാധുവിനെ മണികണ്ഠൻ പിന്നിൽ നിന്നു കുത്തിയതോടെയാണു സംഭവവികാസങ്ങളുടെ തുടക്കം. ആനകൾ തമ്മിൽ കുത്തുണ്ടായതോടെ രണ്ടും വിരണ്ടു കാട്ടിലേക്കോടി. മണികണ്ഠനെ വൈകാതെ തിരഞ്ഞു കണ്ടെത്തി തിരികെയെത്തിച്ചു. എന്നാൽ, സാധു ഭൂതത്താൻകെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കൽ തോടും കടന്നു തെട്ടടുത്തുള്ള ചതുപ്പും താണ്ടി നിബിഡ വനത്തിലേക്ക് ഓടി മറയുകയായിരുന്നു.