“ശുദ്ധനായ ഗായകൻ” : വിജയകുമാർ, രാഗലയ
” ഞാനും ജയേട്ടനും തമ്മിലുള്ള ബന്ധം 2003ൽ തുടങ്ങിയതാണ്. മുംബയിലും അഹമ്മദാബാദിലും അദ്ദേഹത്തിന്റെ രണ്ടു ഗാനമേളകൾ നടത്താൻ വേണ്ടിയാണ് ഞാൻ കണ്ടുമുട്ടിയത്. വളരെ നല്ല ബന്ധമായിരുന്നു അതിനു ശേഷം.
2004ൽ രാഗലയ തുടങ്ങിവെച്ച രാഗലയ ആജീവനാന്ത പുരസ്കാരത്തിനു വേറെ രണ്ടു മഹത് സംഗീത പ്രതിഭകളായ അന്തരിച്ച വി.ദക്ഷിണാമൂർത്തി സ്വാമികളുടെയും, പി. ലീലയുടെയും കൂടെ പി .ജയചന്ദ്രനും
പുരസ്‌കാരത്തിന് അർഹനായി. അതിനു ശേഷം ഞങ്ങൾ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു. ഒരു ശുദ്ധ മനസ്സിന്റെ ഉടമയായിരുന്നു ജയചന്ദ്രൻ.എന്തുംനമുക്കു അദ്ദേഹത്തോട് പറയാം.പറയാനുള്ളത് ഒരു മടിയും യും കൂടാതെ അദ്ദേഹവും പറയും.
കുറച്ചു വർഷങ്ങൾക്കു ശേഷം മാതൃഭൂമിക്കുവേണ്ടി ജയേട്ടന്റെ ഒരു ഗാനമേള അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചു. മനസ്സിൽ എന്നെന്നും സൂക്ഷിക്കാൻ പറ്റിയ എത്ര ഗാനങ്ങളാണ് അദ്ദേഹം പാടിയത്.!
1982ൽ ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും കൂടി മുംബൈയിൽ ‘തരംഗിണി’ എന്ന ഒരു ഗാനമേള ട്രൂപ്പ് തുടങ്ങി. ഞാനായിരുന്നു അതിലെ മുഖ്യ ഗായകൻ. എല്ലാ പ്രോഗ്രാമിലും എന്റെ ആദ്യത്തെ ഗാനം ജയേട്ടൻ പാടി അനശ്വരമാക്കിയ ‘വിഘ്‌നേശ്വര ജന്മ നാളികേരം നിന്റെ ത്രിക്കാൽക്കൽ ഉടക്കുവാൻ വന്നു’… എന്ന ഭക്തിഗാനമായിരുന്നു. ചുരുങ്ങിയത് ഒരു നൂറു വേദിയിലെങ്കിലും ഞാൻ ഈ ഗാനം ആലപിച്ചിട്ടുണ്ട്.അദ്ദേഹത്തോടോപ്പമുണ്ടായിരുന്ന ദിവസങ്ങൾ എന്നും മനസ്സിൽ സൂക്ഷിക്കും.ജീവിതത്തിലെ ഏറ്റവും ദീപ്‌തമായ സ്മരണയായിരിക്കുന്നത്.
മലയാള സംഗീതത്തിന് ഒരു തീരാ നഷ്ടമാണ് ജയേട്ടന്റെ വിയോഗം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു… ”
വിജയകുമാർ-(രാഗലയ, മുംബൈ)