പൂരം കലക്കൽ: ത്രിതല അന്വേഷണം; എഡിജിപിയെ മാറ്റില്ല, വീഴ്ചകൾ ഡിജിപി അന്വേഷിക്കും
തിരുവനന്തപുരം∙ തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിനു തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. മൂന്നു തലത്തിലാവും അന്വേഷണം നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്.അജിത്കുമാറിന് ഉണ്ടായ വീഴ്ചകള്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കും. വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവിയും അന്വേഷണം നടത്തും.
അതേസമയം, എഡിജിപിയെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റുന്നതു സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ലെന്നാണു സൂചന. തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി നല്കിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിയും ആഭ്യന്തരവകുപ്പും തള്ളിയിരുന്നു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ അന്വേഷണം നടത്താന തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ എഡിജിപി നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു