പഞ്ചാബ് ട്രെയിൻ പാളം തെറ്റുന്നത് ഒഴിവാക്കി: ബതിന്ദ-ഡൽഹി ട്രാക്കിൽ ഇരുമ്പ് കമ്പികൾ കണ്ടെത്തി
പഞ്ചാബ് ∙ വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം. പഞ്ചാബിലെ ബറ്റിൻഡ– ഡൽഹി റെയിൽപാളത്തിൽ ഇരുമ്പുദണ്ഡുകൾ കണ്ടെത്തി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെയോടെയാണ് പാളത്തിൽ ഇരുമ്പുദണ്ഡുകൾ കണ്ടെത്തിയത്.
‘‘ട്രെയിൻ അട്ടിമറിക്കായി ആരെങ്കിലും നടത്തിയ ഗൂഢാലോചനയാണോ എന്നതിൽ അന്വേഷണം നടക്കുകയാണ്. പുലർച്ചെ മൂന്നുമണിയോടെ പാളത്തിന് മധ്യത്തിലായി ഇരുമ്പുദണ്ഡ് കണ്ടെത്തിയതിനാൽ ബറ്റിൻഡ –ഡൽഹി ട്രെയിനിനു സിഗ്നൽ ലഭിച്ചില്ല. മണിക്കൂറുകൾ വൈകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്. പുലർച്ചെയോടെ ദണ്ഡുകൾ കണ്ടെത്തിയതിനാൽ വൻദുരന്തം ഒഴിവായി’’– റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ട്രാക്കിൽ നിന്ന് 9 ദണ്ഡുകളാണ് കണ്ടെത്തിയത്. സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ സംഭവമാണിത്. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ 18 സംഭവങ്ങൾ സമാനരീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ കാൺപുരിൽ ട്രെയിൻ അട്ടിമറിക്കു ഗൂഢാലോചന നടന്നു. റെയിൽവേ ട്രാക്കിൽ നിന്ന് ഗ്യാസ് സിലിണ്ടറാണ് കണ്ടെത്തിയത്. ഗുഡ്സ് ട്രെയിൻ കടന്നുപോകുന്നതിനിടെ ഗ്യാസ് സിലിണ്ടർ ശ്രദ്ധയിൽ പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു.