നിർത്തിയിട്ട ബസ്സിൽ വെച്ച് യുവതിയെ ബലാൽസംഗം ചെയ്‌തു :പ്രതിക്കായി അന്വേഷണം

പുനെ: ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ വച്ച് 26 വയസുള്ള യുവതിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. പുനെയിലെ തിരക്കേറിയ സ്വര്‍ഗേറ്റ് ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന എംഎസ്ആര്‍ടിസി ബസിനുള്ളിലാണ് ലൈംഗിക അതിക്രമം നടന്നത്. സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയ്ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
ഇന്ന് വെളുപ്പിനാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും 100 മീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റാന്റില്‍ യുവതി ബസ് കാത്ത് നിന്നപ്പോള്‍ ഒരാള്‍ എവിടെ പോകുകയാണെന്ന് ചോദിക്കുകയും ഈ ബസ് നിങ്ങള്‍ പോകേണ്ട സ്ഥലത്തേക്കാണെന്നും കയറി ഇരുന്നാല്‍ ഇപ്പോള്‍ വിടുമെന്നും യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. യുവതി തന്റെ നാടായ ഫാല്‍ടാനിലേക്ക് പോകാനാണ് ബസ് സ്റ്റാന്റിലെത്തിയത്. ആറിനും ആറരയ്ക്കുമിടയിലാണ് കൃത്യം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.തന്നെ ഉപദ്രവിച്ചയാള്‍ തന്നെ ചേച്ചീ എന്നാണ് വിളിച്ചതെന്നും അക്രമി പറഞ്ഞ ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് തീരെ വെളിച്ചമുണ്ടായിരുന്നില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. താന്‍ ബസിനുള്ളില്‍ നിന്ന് നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ലെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ ബസ് സ്റ്റാന്റില്‍ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാത്ത അധികൃതര്‍ക്കെതിരെയും വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ അധികൃതർ തിരിച്ചറിഞ്ഞു, ഇയാളെ കണ്ടെത്താനും പിടികൂടാനും ഒന്നിലധികം പോലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് സ്വർഗേറ്റ് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.സംഭവത്തെ തുടർന്ന് സ്വർഗേറ്റ് ബസ് ഡിപ്പോയിലെ സുരക്ഷാ വീഴ്ചകൾ സംബന്ധിച്ച് അധികൃതർ അതിവേഗ നടപടി സ്വീകരിച്ചു. ബസ് സ്റ്റാൻഡിൽ വിന്യസിച്ചിരിക്കുന്ന 23 സുരക്ഷാ ഗാർഡുകളെ ഉടൻ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി പ്രതാപ് സർനായിക് ഉത്തരവിട്ടു. കൂടാതെ, പുതിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വ്യാഴാഴ്ച മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.സ്വർഗേറ്റ് ഡിപ്പോ മാനേജർ, ട്രാഫിക് കൺട്രോളർ എന്നിവർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ഉത്തരവാദിത്തം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് സമർപ്പിക്കും, അതിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കും.