പുല്‍വാമ ഭീകരാക്രമണം : 6 വർഷം പിന്നിടുന്ന ദുരന്ത സ്മരണ

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ആറ് വയസ്. 2019 ഫെബ്രുവരി 14നാണ് ഭീകരരുടെ ചാവേർ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് പാകിസ്‌താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. രാജ്യത്തെ നടുക്കിയ ഈ ഭീകരാക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷയെ കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഒരു ഇരുണ്ട ദിനമായാണ് ഫെബ്രുവരി 14 അറിയപ്പെടുന്നത്.
എന്താണ് സംഭവിച്ചത്?: 2019 ഫെബ്രുവരി 14ന് ഏകദേശം 2500ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ പ്രാദേശിക സമയം പുലര്‍ച്ചെയാണ് സംഘം ജമ്മുവിൽ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ സൈനികര്‍ ശ്രീനഗറിൽ എത്തിച്ചേരേണ്ടതായിരുന്നു.
അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്‌തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തത്‌ക്ഷണം 49 സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി കഴിഞ്ഞ് ഉദ്യോഗത്തിൽ തിരികെ പ്രവേശിക്കാൻ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറേയും. വീരമൃത്യു വരിച്ചവരിൽ മലയാളിയും വയനാട് സ്വദേശിയുമായ വിവി വസന്തകുമാറും ഉണ്ടായിരുന്നു.
പാകിസ്‌താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ചാവേറായ ആദിൽ അഹമ്മദ് ദർ എന്ന തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഈ തീവ്രവാദ ആക്രമണത്തിൽ ജെയ്ഷ് ഇ മുഹമ്മദിന്‍റെ പങ്ക് പാകിസ്‌താൻ തള്ളിക്കളഞ്ഞു. 1980കളുടെ അവസാനത്തിൽ കശ്‌മീരിൽ അക്രമം ആരംഭിച്ചതിനുശേഷം ഇന്ത്യൻ സുരക്ഷാ സേനയ്‌ക്കെതിരായ ക്രൂരമായ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്.
ഓപ്പറേഷൻ ബന്ദർ, തിരിച്ചടിച്ച് ഇന്ത്യ: ആക്രമണത്തെത്തുടർന്ന് 2019 ഫെബ്രുവരി 26ന് പുലർച്ചെ അന്താരാഷ്ട്ര അതിർത്തിക്കപ്പുറത്തുള്ള പാകിസ്‌താനിലെ സൈനികേതര ലക്ഷ്യമായ ഒരു തീവ്രവാദ പരിശീലന കേന്ദ്രത്തിൽ ഇന്ത്യൻ വ്യോമസേന (IAF) മിന്നലാക്രമണം നടത്തി ഭീകരരെ വധിച്ചു. പുൽവാമ ആക്രമണത്തിന് പ്രത്യാക്രമണമായി ‘ഓപ്പറേഷൻ ബന്ദർ’ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷനിലൂടെ ജെയ്‌ഷ ഇ മുഹമ്മദ് ഭീകര ക്യാമ്പിന് നേരെ ഇന്ത്യൻ സൈന്യം വ്യോമാക്രമണം നടത്തി.
ഭീകരരുടെ താവളങ്ങളിൽ ബോംബുകൾ വർഷിച്ചതിന് ശേഷം ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ എയർഫോഴ്‌സ് വിമാനങ്ങൾ പ്രദേശത്ത് നിന്ന് മടങ്ങി. ദൗത്യം പൂർത്തിയാകുന്നതുവരെ രഹസ്യസ്വഭാവം നിലനിർത്താൻ, മിറാജ് വിമാനങ്ങൾ ഹിമാചൽ പ്രദേശും കശ്‌മീരും കടന്ന് ലക്ഷ്യസ്ഥാനത്തേക്കും തിരിച്ചും ഗ്വാളിയോറിലെ ഹോം ബേസിൽ നിന്ന് നേരിട്ട് പുറപ്പെട്ടു.
വ്യോമസേന സർക്കാരിന് നൽകിയ വിശദീകരണമനുസരിച്ച് 80 ശതമാനം ബോംബുകളും ലക്ഷ്യസ്ഥാനങ്ങളിൽ വർഷിക്കുകയും ഭീകരരുടെ കേന്ദ്രങ്ങളിൽ നാശനഷ്‌ടങ്ങൾ വരുത്തുകയും ചെയ്‌തു. തദ്ദേശീയമായ എയർബോൺ എർലി വാണിങ് ആൻഡ് കൺട്രോൾ സിസ്‌റ്റംസ് (AEW&C) വിമാനം നേത്രയുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്.