പുൽപ്പള്ളി സംഘർഷത്തിൽ കടുത്ത നടപടിക്ക് പൊലീസ്; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കും, 4 കുറ്റങ്ങൾ ചുമത്തും

0

പുൽപ്പള്ളി: കാട്ടാന അക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പട്ടതിൽ പ്രതിഷേധിച്ച് വയനാട് ഇന്ന് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ കേസെടുക്കാൻ പൊലീസ് തീരുമാനം. പുൽപ്പള്ളിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരമായിരിക്കും പൊലീസ് കേസ് എടുക്കുക. നിരവധി കുറ്റങ്ങളാണ് പ്രതിഷേധക്കാ‍ർക്ക് നേരെ ചുമത്തുക.

വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തിയാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനായി പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം ഇന്ന് നടന്ന ഹർത്താലിനിടെ പുൽപ്പള്ളിയിൽ ജന രോഷം അണപൊട്ടിയൊയുകുകയായിരുന്നു. കാട്ടാന ചവിട്ടിക്കൊന്ന പോളിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടായിരുന്നു പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകളോളം നിലയുറപ്പിച്ചത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിചാർജ്ജ് നടത്തി. ഇതിനൊപ്പം തന്നെ പുൽപ്പള്ളിയിൽ നിരോധനാജ്‍ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്‍ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *