പുലി പ്പൂരത്തിന് നാളെ കൊടിയേറ്റ്

തൃശൂർ: പുലികളി മഹോത്സവം 2025ന് നാളെ കൊടിയേറും. രാവിലെ 9.00ന് തൃശൂര്‍ നടുവിലാലില്‍ മേയർ എംകെ വർഗീസ് നിർവഹിക്കും. ഇക്കുറി 9 പുലികളി സംഘങ്ങളാണ് നഗരം വിറപ്പിക്കാൻ ഇറങ്ങുക. തൃശൂര്‍ കോര്‍പറേഷന്‍ നാലോണനാളില്‍ നടത്തിവരുന്ന പുലികളി മഹോത്സവം സെപ്റ്റംബര്‍ 8നാണ്. അത്തം പിറക്കുന്ന നാളെ തെക്കേ ഗോപുര നടയിൽ ഭീമൻ പൂക്കളമിടും. സായാഹ്ന സൗഹൃദ കൂട്ടായ്മയാണ് മെഗാ പൂക്കളം ഒരുക്കുന്നത്. അത്തപ്പൂക്കളം ഓണാഘോഷത്തിന്റെയും ടൂറിസം വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം കൂടിയാകും.
നാളെ പുലർച്ചെ മൂന്നിന് അത്തപ്പൂക്കളത്തിലേക്കുള്ള ആദ്യ പൂവ് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടിഎസ് പട്ടാഭിരാമന്‍ അര്‍പ്പിക്കും. തുടര്‍ന്ന് 150 പ്രവര്‍ത്തകര്‍ പൂക്കളം അണിയിച്ചൊരുക്കും. രാവിലെ 10-ന് വി രാധാക്യഷ്ണന്റെ നേതൃത്വത്തില്‍ ഓണപ്പാട്ടുകളോടെ ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ അത്തപ്പൂക്കള സമര്‍പ്പണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍ നിര്‍വഹിക്കും. പി ബാലചന്ദ്രന്‍ എംഎല്‍എ ഓണാഘോഷങ്ങളുടെ പതാക ഉയര്‍ത്തും.
വൈകീട്ട് ആറിന് ‘ദീപച്ചാര്‍ത്ത്’ പൂക്കളത്തിന് ചുറ്റും ദീപങ്ങള്‍ തെളിയിച്ച് ഒരുക്കും. ദീപച്ചാര്‍ത്ത് മേയര്‍ എംകെ വര്‍ഗീസും ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രമ്യ മേനോനും ചേര്‍ന്ന് നിര്‍വഹിക്കും. തുടര്‍ന്ന് മുന്‍ മേയര്‍ അജിതാ വിജയന്‍, അഭിഭാഷക കൂട്ടായ്മ കണ്‍വീനര്‍ ദീപാ കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറു കണക്കിന് വനിതകളുടെ കൈകൊട്ടിക്കളി അരങ്ങേറും.