യുകെജി വിദ്യാര്‍ഥിയെ ഉപദ്രവിച്ച അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ

ചേർത്തല: യു കെ ജി വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ ഉപദ്രവിച്ച കേസിലെ അമ്മയുടെ ആൺ സുഹൃത്ത് ഇടുക്കി ആലങ്കോട് കോരമംഗലം ജെയ്സൺ ഫ്രാൻസീസിനെ (45) ആണ് ചേർത്തല പൊലീസ് പിടികൂടിയത്. ഗവൺമെന്റ് ടൗൺ എൽ പി സ്ക്കൂൾ പി ടി എ ഭാരവാഹികൾ ഇയാൾ കുട്ടിയെ ഉപദ്രവിച്ചുവെന്ന് കാട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ്. നാളുകളായി ഭക്ഷണം കൃത്യമായി കൊണ്ടു വരാതെയും മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചും അവശനായി സ്കൂളിൽ എത്തിയ കുട്ടിയോട് അധ്യാപകർ കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
പി ടി എ ഭാരവാഹികൾ തുടർന്ന് കുട്ടിയുടെ വീടിന്റെ പരിസരത്ത് കഴിയുന്നവരോട് അന്വേഷിക്കുകയും രാത്രികാലങ്ങളിൽ കുട്ടിയുടെ നിലവിളി കേൾക്കാറുണ്ടെന്ന് അയൽവാസികൾ പറയുകയും ചെയ്തു. തുടർന്നാണ് പി ടി എ പ്രസിഡന്റ് ദിനൂപ് വേണു പൊലീസിൽ പരാതി നൽകിയത്. ജെയ്സൺ മുന്നു വർഷമായി കുട്ടിയുടെ അമ്മയോടെപ്പമാണ് കഴിയുന്നത്.
കുലി പണിക്കാരനായ ഇയാൾ മദ്യലഹരിയിലാണ് കുട്ടിയെ മർദ്ദിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി . കുട്ടിയുടെ മാതാവ് ലോട്ടറി വിറ്റാണ് ഉപജീവനം കഴിയുന്നത്. കുട്ടിയെ സംരക്ഷിക്കേണ്ടയാൾ ഉപദ്രവിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സി ഐ അരുൺ ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.