നഴ്സിങ് വിദ്യാർഥിനിയുടെ മരണം: ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനി അമ്മു എസ്. സജീവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ടയിൽ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്. കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിൽ പ്രതിഷേധിച്ചാണു ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിൻസിപ്പല്‍ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കെഎസ്‍യു ആവശ്യം.
തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ മൂന്നു പെൺകുട്ടികൾ കസ്റ്റഡിയിലായിട്ടുണ്ട്. സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരാണ് പൊലീസ് പിടിയിലുള്ളത്. അമ്മുവിനെ സഹപാഠികൾ മാനസികമായി ഉപദ്രവിച്ചിരുന്നതിന്റെയും ഭീഷണിപ്പെടുത്തിയതിന്റെയും തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നുൾപ്പെടെ കുടുംബം ആരോപിച്ചവരാണ് മൂന്നുപേരും. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയേക്കും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. വീഴ്ചയിൽ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നടന്നത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാൽ, അമ്മു ആത്മഹത്യ ചെയില്ലെന്നാണ് കുടുംബം പറയുന്നത്.